ഡൊമിനിക്ക: വെസ്റ്റ് ഇന്‍ഡീസിന്റെ ശിവ്‌നാരായണ്‍ ചന്ദര്‍പോള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് നേടുന്ന പത്താമത്തെ ബാറ്റ്‌സ്മാനായി. ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ വെസ്റ്റ് ഇന്റീസുകാരനാണ് ചന്ദര്‍പോള്‍.  ബ്രെയിന്‍ ലാറയാണ് മാത്രമായിരുന്നു പതിനായിരം ക്ലബില്‍ ഇതുവരെയുണ്ടായിരുന്ന വെസ്റ്റ് ഇന്റീസുകാരന്‍. 11,953 റണ്‍സാണ് ലാറയുടെ അക്കൗണ്ടിലുള്ളത്.

ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സിലാണ് ചന്ദര്‍പോള്‍ ഈ നേട്ടത്തിനുടമയായത്. അദ്ദേഹം 14 റണ്‍സിലെത്തിയപ്പോഴാണ് ടെസ്റ്റില്‍ പതിനായിരം റണ്‍സ് തികച്ചത്. പിന്നീട് നാലാം ദിവസത്തെ അവസാന ഓവറില്‍ 69 റണ്‍സെടുത്ത് ചന്ദര്‍പോള്‍ പുറത്താവുകയും ചെയ്തു.

1994ല്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച ചന്ദര്‍പോള്‍ ഇതുവരെയായി 140 ടെസ്റ്റുകളില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ജേഴ്‌സിയണിഞ്ഞു. 25 സെഞ്ച്വറിയും 59 അര്‍ദ്ധസെഞ്ച്വറികളും നേടിയിട്ടുണ്ട്. അമ്പതിനടുത്ത ശരാശരിയിലാണ് അദ്ദേഹം 10,055 റണ്‍സ് നേടിയിട്ടുള്ളത്. 268 ഏകദിനങ്ങളില്‍ നിന്നായി 41.60 ശരാശരിയോടെ 8778 റണ്‍സെടുത്തിട്ടുണ്ട്. 11 സെഞ്ച്വറികളും 59 അര്‍ദ്ധസെഞ്ച്വറികളും നേടിയിട്ടുണ്ട്.

എക്കാലത്തെയും മോശം ടെക്‌നിക്കുള്ള ബാറ്റ്‌സ്മാന്‍ എന്ന് പലരും ആക്ഷേപിക്കുന്ന ചന്ദര്‍പോള്‍ അസാധാരണമായ ഇച്ഛാശക്തിയും ക്ഷമയും ഏകാഗ്രതയുമുള്ള ബാറ്റ്‌സ്മാനാണ്. തന്റെ പരിമിതികള്‍ ആരെക്കാളും നന്നായി തിരിച്ചറിഞ്ഞിട്ടുള്ള അദ്ദേഹം നീണ്ട പതിനെട്ട് വര്‍ഷത്തെ ക്രിക്കറ്റ് ജീവിതത്തിലാണ് ഈ അപൂര്‍വനേട്ടം കരസ്ഥമാക്കുന്നത്.

Malayalam News

Kerala News in English