ന്യൂദല്‍ഹി: മൂന്നു മാസത്തോളം നീണ്ടു നിന്ന അര്‍ബുദ ചികിത്സയ്ക്കു ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ യുവരാജ് സിങ്ങിനെ കാണാന്‍ ഭാജിയെത്തി. ശനിയാഴ്ച രാവിലെയാണ് ഭാജി യുവിയെ സന്ദര്‍ശിച്ചത്. വീട്ടിലെത്തിയാണ് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹര്‍ഭജന്‍ മുന്‍ പുനെ വാറിയേഴ്‌സ് ക്യാപ്റ്റനെ കണ്ടത്.

യുവിയെ സന്ദര്‍ശിച്ചകാര്യം ഹര്‍ഭജന്‍ ട്വിറ്ററിലൂടെ ആരാധകരെ അറിയിക്കുകയായിരുന്നു. ‘ ഇന്ന് ഞാന്‍ ബാഷ്ഷായെ കണ്ടു. അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെട്ടിട്ടുണ്ട്. അദ്ദേഹം ഉടന്‍ തിരിച്ചെത്തും.’ ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തു. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോയും ഹര്‍ഭജന്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

തിങ്കളാഴ്ച മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെയുള്ള മത്സരം നടക്കാനിരിക്കെ ലഭിച്ച ഇടവേളയാണ് ഹര്‍ഭജന്‍ തന്റെ സുഹൃത്തിനെ കാണാന്‍ ഉപയോഗപ്പെടുത്തിയത്.

വ്യാഴാഴ്ച കെവിന്‍ പീറ്റേഴ്‌സണും യുവിയെ സന്ദര്‍ശിച്ചു. ഹര്‍ഭജന്‍ സിങ്ങിനെ പോലെ പീറ്റേഴ്‌സണും യുവിക്കൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്തിട്ടുണ്ട്.