ചണ്ഡീഗഢ്: ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ഹര്‍ഭജന്‍ സിംഗ്. അവസാനമായി ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞത് കഴിഞ്ഞ വര്‍ഷം നടന്ന ട്വന്റി-20 ലോകകപ്പിലായിരുന്നു. എന്നാല്‍ വ്യക്തി ജീവിതത്തില്‍ ഹര്‍ഭജന്‍ ഏറെ സന്തുഷ്ടനാണ്. ഏഴ് വയസുമാത്രം പ്രായമുള്ള മകളോടൊപ്പമുള്ള സമയം ആസ്വദിക്കുകയാണ് ഭാജി ഇന്ന്.

ക്രിക്കറ്റിന് ഇനിയും സമയമുണ്ട്. എന്നാല്‍ മകളുടെ കുട്ടിക്കാലം ആസ്വദിക്കാന്‍ ഇപ്പോള്‍ മാത്രമേ കഴിയുകയുള്ളൂ. എന്നാണ് പഞ്ചാബിന്റെ നായകനും ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച സ്പിന്നര്‍മാരിലൊരാളുമായ ഹര്‍ഭജന്‍ പറയുന്നത്. കഴിഞ്ഞ ജൂലൈയിലായിരുന്നു ഹര്‍ഭജനും ഭാര്യ ഗീത ബസ്‌റയും പുതിയ അതിഥിയെ വരവേറ്റത്.

‘ മകള്‍ വളര്‍ന്നു വരുകയാണ്. അവളുടെ വളര്‍ച്ചയുടെ ഓരേ നിമിഷവും എനിക്ക് ആസ്വദിക്കണം. ‘ ഹര്‍ഭജന്‍ പറയുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ ഇപ്പോഴും കളിച്ചു കൊണ്ടിരിക്കുയാണ് താരം.

‘ കഴിഞ്ഞ എട്ട് മാസത്തോളമായി ഞാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടില്ല. പക്ഷെ ടീമില്‍ തിരികെ എത്താനുള്ള അവസരമെനിക്കുണ്ട്. പക്ഷെ മകള്‍ക്കൊപ്പം ചിലവിടാന്‍ പിന്നീട് കഴിയില്ല. ഈ സമയം തിരികെ വരില്ല. ‘ ഭാജി കൂട്ടിച്ചേര്‍ക്കുന്നു.


Also Read: കറുത്തവരെ വെളുപ്പിച്ച് മനോരമയുടെ സവര്‍ണ്ണ സ്‌നേഹം; വനിതയുടെ കവറിലെ ‘ ഫോട്ടോഷോപ്പ് ‘ വിവാദത്തില്‍


രാജ്യത്തിന് വേണ്ടി കളിക്കാന്‍ തുടങ്ങിയിട്ട് പത്തൊമ്പത് വര്‍ഷമായെങ്കിലും ഇന്ന് തനിക്ക് എല്ലാം കുടുംബമാണെന്നും താരം പറയുന്നു. ജീവിതത്തില്‍ നേടിയതെല്ലാം അവര്‍ക്ക് വേണ്ടിയാണ്. എന്റെ കുടുംബമാണ് എന്റെ ലോകം.

അതേസമയം, വിജയ് ഹസാരെ ട്രോഫിയില്‍ പഞ്ചാബ് മുന്നില്‍ തന്നെയാണ്. മുംബെ ഇന്ത്യന്‍സിന്റെ പ്രധാന താരമായ ഭാജി ഐ.പി.എല്ലിനെയും പ്രതീക്ഷയോടെയാണ് കാണുന്നത്.