ന്യൂദല്‍ഹി: ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗിന്റെ കാര്‍ ഒരു സംഘം  കൊള്ളയടിച്ചു. ഭാജിയുടെ പാസ്‌പോര്‍ട്ട്, ക്രഡിറ്റ് കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ മോഷണം പോയി. കാര്‍ണലില്‍ നിര്‍ത്തിയിട്ട കാര്‍ കുത്തി തകര്‍ത്ത നിലയിലാണ്.

ഹര്‍ഭജനും സുഹൃത്തും കാറില്‍ ദല്‍ഹിയിലേക്ക് വരും വഴി കാര്‍ണലിന് അടുത്തുള്ള മധുബാനിലായിരുന്നു സംഭവം. ഒരു കാപ്പി കഴിക്കാനായി ഭാജി സുഹൃത്തിനൊപ്പം മധുബാന്‍ പോലീസ് അക്കാദമിക്കരികിലുള്ള കഫെ കോഫി ഡേയിലേക്ക് പോയതായിരുന്നു. ഈ സമയത്ത് കാറിനടുത്തെത്തിയ ഒരു സംഘം ലോക്ക് ചെയ്ത കാര്‍ കുത്തിതുറന്ന്് കൊള്ള നടത്തുകയായിരുന്നു. അഞ്ച് മിനിറ്റിനുശേഷം തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം ഭാജി അറിയുന്നത്.

പാസ്‌പോര്‍ട്ടും 10ക്രെഡിറ്റ് കാര്‍ഡും ഉള്‍പ്പെടെ പ്രധാനപ്പെട്ട പല സാധനങ്ങളും അടങ്ങിയ ബാഗ് കൊള്ളസംഘം കൊണ്ടുപോവുകയായിരുന്നു. താന്‍ പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ടെന്നും ക്രഡിറ്റ് കാര്‍ഡ് മരവിപ്പിച്ചിട്ടുണ്ടെന്നും ഭാജി അറിയിച്ചു.

തന്റെ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടതാണ് ഏറ്റവും വലിയ തലവേദനയായിരിക്കുന്നതെന്നാണ് ഭാജി പറയുന്നത്. അതുകൊണ്ടുതന്നെ മോഷണം നടത്തിയത് ആരായാലും തന്റെ പാസ്‌പോര്‍ട്ടും ഡ്രൈവിംഗ് ലൈസന്‍സും തിരികെ എല്‍പ്പിക്കണമെന്ന് താന്‍ അപേക്ഷിക്കുന്നുവെന്നും ഭാജി അറിയിച്ചു.

Malayalam news, Kerala news in English