ന്യൂദല്‍ഹി: ലണ്ടന്‍ ഒളിമ്പിക്‌സില്‍ മലയാളി താരം ടിന്റു ലൂക്കയുടെ പ്രകടനം മികച്ചതായിരുന്നെന്ന് കോച്ച് പി.ടി ഉഷ. ഇതുവരെ കാഴ്ചവെച്ചതില്‍ ഏറ്റവും മികച്ച പ്രകടനമായിരുന്നു ലണ്ടനിലെ ട്രാക്കില്‍ ടിന്റു പുറത്തെടുത്തതെന്നും ഉഷ പറഞ്ഞു. ലണ്ടനില്‍ നിന്നും തിരിച്ചെത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഉഷ.

Ads By Google

‘രണ്ട് മിനിറ്റില്‍ താഴെ 800 മീറ്റര്‍ പൂര്‍ത്തിയാക്കിയത് മികച്ച പ്രകടനം ആണ്. മുന്‍പും ടിന്റു  ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഒരു വനിതാ കായികതാരം രണ്ടുതവണ ഈ നേട്ടം കൈവരിക്കുന്നത് ആദ്യമായാണ്.

ടിന്റുവിന് രാജ്യാന്തമത്സര പരിചയം കുറവാണ്. അങ്ങനെയുണ്ടായിരുന്നെങ്കില്‍ ടിന്റുവിന് ഇനിയും മികവ് കാട്ടാനായേനെ. 800 മീറ്ററില്‍ സെമിയിലെത്തിയ ടിന്റുവിന്റെ പ്രകടനത്തില്‍ ഏറെ സന്തോഷവതിയാണ്. എന്നാല്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടാന്‍ കഴിയാത്തതില്‍ നിരാശയുണ്ട്’- ഉഷ പറഞ്ഞു.

കാസ്റ്റര്‍ സെമന്യയെ പോലുള്ള താരങ്ങള്‍ക്കൊപ്പം മത്സരിച്ചത് മികച്ച അനുഭവമാണെന്ന് ടിന്റു ലൂക്ക പ്രതികരിച്ചു. രാജ്യാന്തരനിലവാരമുള്ള മത്സരങ്ങളില്‍ നേരത്തെ പങ്കെടുത്തിരുന്നെങ്കില്‍ ഫൈനലില്‍ എത്താന്‍ കഴിഞ്ഞേനെയെന്നും ടിന്റു പറഞ്ഞു.