എഡിറ്റര്‍
എഡിറ്റര്‍
വീട്ടില്‍ നിന്നും സ്വതന്ത്ര്യയാക്കിയത് വിജയം; ഹാദിയയെ കാണുന്നതില്‍ തടസമില്ലെന്നും ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍
എഡിറ്റര്‍
Monday 27th November 2017 6:48pm

ന്യൂദല്‍ഹി: ഹാദിയയെ വീട്ടുതടങ്കലില്‍ നിന്നും സ്വതന്ത്ര്യയാക്കിയ വിജയമാണെന്നും അതില്‍ സന്തോഷമുണ്ടെന്നും ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍. ഹാദിയയെ കാണുന്നതില്‍ തടസമില്ലെന്നും ഷെഫിന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഹാദിയയെ ഭര്‍ത്താവിനൊപ്പവും അച്ഛനൊപ്പവും വിടാന്‍ അനുവദിക്കാതെ സേലത്തെ കോളേജിലേക്ക് അയക്കാനായിരുന്നു കോടതി വിധി.

അതേസമയം, ഹാദിയയെ പഠിക്കാന്‍ അനുവദിച്ച വിധിയില്‍ സന്തോഷമുണ്ടെന്ന് അച്ഛന്‍ അശോകന്റെ അഭിഭാഷകന്‍ പറഞ്ഞു. ഹാദിയയ്ക്ക് പഠിക്കാന്‍ വേണ്ട സൗകര്യമൊരുക്കാന്‍ കോടതി കോളേജിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സര്‍വ്വകലാശാല ഡീനിനെ ലോക്കല്‍ ഗാര്‍ഡിയയനാക്കി ഉത്തരവിറക്കിയ കോടതി ഹാദിയയ്ക്ക് കോളേജിലേക്ക് പോകാമെന്നും വ്യക്തമാക്കി. ജനുവരി മൂന്നാം വാരം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി.

കേരളത്തിനാണ് ഹാദിയയെ സേലത്ത് എത്തിക്കാനുള്ള ഉത്തരവാദിത്വം. സേലത്ത് സുരക്ഷാ പ്രശ്‌നമുണ്ടെങ്കില്‍ തമിഴ്‌നാട് പൊലീസ് സുരക്ഷയൊരുക്കണമെന്നും സുപ്രീം കോടതി. അശോകന്റെ ആവശ്യം തള്ളി ഹാദിയയെ തുറന്ന കോടതിയിലാണ് കോടതി കേട്ടത്. മലയാളത്തിലാണ് ഹാദിയ തന്റെ വാദം പറഞ്ഞത്. തന്നെ സ്വതന്ത്ര്യയാക്കണമെന്ന് ഹാദിയ കോടതിയില്‍ അറിയിച്ചു. എന്താണ് സ്വപ്‌നമെന്ന ജഡ്ജിമാരുടെ ചോദ്യത്തിന് എനിക്ക് സ്വാതന്ത്ര്യം വേണമെന്നായിരുന്നു ഹാദിയയുടെ മറുപടി.


Also Read:‘അവള്‍ ആരേയും ഭയന്നില്ല, ലോകത്തോട് പറയാനുള്ളത് വിളിച്ചു പറഞ്ഞു’; ഇന്ത്യന്‍ ഭരണഘടന ഒരു വ്യക്തിയ്ക്ക് നല്‍കുന്ന എല്ലാ അവകാശാധികാരങ്ങളും ഹാദിയയ്ക്ക് ലഭിച്ചിരിക്കണമെന്നും സാറാ ജോസഫ്


അതേസമയം തന്റെ ഔദ്യോഗിക ജീവിതത്തില്‍ ഇതുപോലൊരു കേസ് ഇതാദ്യമായാണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. തനിക്ക് സര്‍ക്കാര്‍ ചെലവില്‍ പഠനം വേണ്ടെന്നും പഠനചിലവ് തന്റെ ഭര്‍ത്താവ് വഹിക്കുമെന്നും വിശ്വാസമനുസരിച്ച് ജീവിക്കണമെന്നും ഹാദിയ കോടതിയെ അറിയിച്ചു.

ലോക്കല്‍ വേണമോ എന്ന കോടതിയുടെ ചോദ്യത്തിന് വേണ്ടെന്നായിരുന്നു ഹാദിയയുടെ മറുപടി. സേലത്ത് പഠനം തുടരാനാണ് ആഗ്രഹമെന്ന് പറഞ്ഞ ഹാദിയ കോളേജ് ഡീനിനെ ലോക്കല്‍ ഗാര്‍ഡിയനാക്കാമെന്ന കോടതി നിര്‍ദ്ദേശത്തേയും നിരസിച്ചിരുന്നു.

നേരത്തെ ഹാദിയയ്ക്ക് പറയാനുള്ളതല്ല ചാനലില്‍ വരുന്നതാണ് ചര്‍ച്ച ചെയ്യുന്നതെന്നും എന്‍.ഐയുടെ അന്വേഷണം കോടതിയുടെ അനുമതിയോടെയല്ലെന്നും ഷഫിന്‍ ജഹാന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ സുപ്രീം കോടതിയില്‍ പറഞ്ഞു. ഇനി തെറ്റായ ഒരു വ്യക്തിയെയാണ് ഹാദിയ വിവാഹം ചെയ്തതെങ്കില്‍ അത് അവളുടെ ഇഷ്ടമാണെന്നും അതിന്റെ അനന്തരഫലം അവര്‍ തന്നെ അനുഭവിക്കുമെന്നും കപില്‍ സിബല്‍ പറഞ്ഞു.

Advertisement