മുംബൈ: ഇന്ത്യന്‍ സേനയുടെ ചുമതല തനിക്ക് നല്‍കുകയാണെങ്കില്‍ രാജ്യത്തെ എല്ലാ പ്രശ്‌നങ്ങളും ഒരു മാസം കൊണ്ട് പരിഹരിക്കുമെന്ന് ശിവസേനാ നേതാവ് ബാല്‍ താക്കറെ. ശിവസേനയുടെ മുഖപത്രം ‘ദോപഹാര്‍കാ സാംന’യില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് താക്കറെ ഇങ്ങനെ പറയുന്നത്.

Ads By Google

രാജ്യത്ത് പ്രശ്‌നമുണ്ടാക്കുന്ന യാഥിസ്ഥിതികരായ മുസ്‌ലീംകളെ താന്‍ വെറുതെ വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘ സൈന്യത്തിന്റെ നിയന്ത്രണം എനിക്ക് തരൂ. ഞാന്‍ നിങ്ങള്‍ക്ക് അത്ഭുതങ്ങള്‍ കാട്ടിത്തരാം. എല്ലാം ഒരുമാസം കൊണ്ട് നേരെയാക്കിത്തരാം. സൈന്യത്തിന്റെ അധികാരം എനിക്ക് കൈമാറിയാല്‍ മാത്രം മതി’ താക്കറെ പറയുന്നു.

ശിവസേന സൈന്യമായിരുന്നില്ലേയെന്ന് ചോദിച്ചപ്പോള്‍ അവര്‍ നിരായുധരാണെന്നായിരുന്നു താക്കറെയുടെ മറുപടി. തന്റെ സൈന്യത്തിന്റെ പക്കല്‍ കാവിനിറമുള്ള കൊടി മാത്രമാണുള്ളത്. എന്നിട്ടും തങ്ങള്‍ക്ക് ആളുകളില്‍ വന്‍ സ്വാധീനമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

ആഗസ്റ്റ് 11ന് അസദ് മൈതാനില്‍ നടന്ന അക്രമസംഭവങ്ങള്‍ മുസ്‌ലീം സംഘടനകളുടെ ഗൂഢാലോനയുടെ ഭാഗമാണ്. കഴിഞ്ഞകാലങ്ങളിലും സമാനമായ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും താക്കറെ പറഞ്ഞു.

‘ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടശേഷം അവര്‍ മുംബൈയില്‍ കലാപം നടത്തി. ഗോധ്ര കലാപകാലത്ത് അവര്‍ സബര്‍മതി എക്‌സ്പ്രസിന്റെ മൂന്ന് ബോഗികള്‍ കത്തിച്ച് സ്ത്രീകളെയും കുട്ടികളെയും ജീവനോടെ ചുട്ടു. അതുപോലെ മുംബൈയിലെ അക്രമസംഭവങ്ങളും മുന്‍കൂട്ടി തയ്യാറാക്കിയതാണ്.’ താക്കറെ പറഞ്ഞു.

ശിവസേനയും തന്റെ മരുമകന്‍ രാജ് താക്കറെയുടെ മഹാരാഷ്ട്ര  നവനിര്‍മാണ്‍ സേനയും ഈ സംഭവത്തെ അപലപിച്ചതാണ്. അക്രമസംഭവങ്ങളുടെ സംഘാടകരെയും പാക്കിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും ഇവിടെ വന്ന പ്രശ്‌നങ്ങളുണ്ടാക്കുന്ന മുസ്‌ലീംകളെയും താന്‍ വെറുതെ വിടില്ലെന്നും താക്കറെ മുന്നറിയിപ്പ് നല്‍കി.

‘ഒരു മുസ്‌ലീം മതഭ്രാന്തനെപ്പോലും മഹാരാഷ്ട്രയിലും തങ്ങള്‍ക്ക് പാര്‍ട്ടി ബ്രാഞ്ചുകളുള്ള ജമ്മുകാശ്മീരിലും ജീവിക്കാന്‍ അനുവദിക്കില്ല.’ പാക്കിസ്ഥാന്‍ ക്രിക്കറ്റ് കളിക്കാരെ ഇന്ത്യയില്‍ പ്രവേശിക്കാന്‍ അനുവദിക്കാതിരുന്ന സംഭവം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. തന്റെ നിലപാട് ഒരിക്കലും മാറ്റിയിട്ടില്ലെന്നും അതില്‍ നിന്നും പിന്‍വലിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ ക്രിമിനലുകള്‍ക്കെതിരെ നടപടിയെടുത്ത മുംബൈ പോലീസിനെ വിമര്‍ശിച്ച ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും താക്കറെ നിശിതമായി വിമര്‍ശിച്ചു. ‘ നമ്മുടെ രാജ്യത്ത് നിയമം ആര്‍ക്കുവേണ്ടിയാണ് ഉണ്ടാക്കിയിട്ടുള്ളത്. ജനങ്ങള്‍ക്ക് വേണ്ടിയോ തീവ്രവാദികള്‍ക്ക് വേണ്ടിയോ? മഹാരാഷ്ട്ര പോലീസിന്റെ നടപടിയെച്ചൊല്ലി ബഹളമുണ്ടാക്കുന്നതിന് പകരം ഇത്തരം തീവ്രവാദികള്‍ക്ക് എത്രത്തോളം പ്രശ്‌നമുണ്ടാക്കാമെന്ന കാര്യമാണ് അദ്ദേഹം ചിന്തിക്കേണ്ടത്. ‘ താക്കറെ അഭിപ്രായപ്പെട്ടു.