കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ ഒരു പ്രതിയെ കൂടി എന്‍.ഐ.എ അറസ്റ്റു ചെയ്തു. വിദേശത്ത് ഒളിവില്‍ കഴിയുകയായിരുന്ന തമര്‍ അഷറഫ് ആണ് പിടിയിലായത്.

കേസിലെ 3ാം പ്രതിയാണ് മൂവാറ്റുപുഴ സ്വദേശിയായ തമര്‍. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയായിരുന്നു അറസ്റ്റ്. വിദേശത്ത് ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ ഇന്റര്‍പോളിന്റെ സഹായത്തോടെ നാട്ടിലെത്തിച്ചാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിലെ പ്രധാന ഗൂഢാലോചനക്കാരന്‍ കൂടിയായ തമര്‍ അഷറഫാണ് കേസിലെ മറ്റ് പ്രതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയിരുന്നത്.

കൈവെട്ട് കേസിലെ മുഖ്യപ്രതി എം.കെ നാസര്‍ ഉള്‍പ്പെടെ എട്ടുപേര്‍ വിദേശത്താണെന്ന് നേരത്തെ എന്‍.ഐ.എ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. പ്രതികള്‍ക്ക് വിദേശസഹായം ലഭിച്ചിരുന്നതായും കൊച്ചിയിലെ പ്രത്യേക കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ എന്‍.ഐ.എ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് തമര്‍ അഷറഫ് അടക്കമുള്ള പ്രതകള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. കേസിലെ പ്രതികളായ ആറുപേരെക്കൂടി ഇനി പിടികൂടാനുണ്ട്.

2010 ജൂലായ് മാസം നാലിനാണ് ജോസഫിന്റെ കൈപ്പത്തി മൂവാറ്റുപുഴയില്‍ വച്ച് അക്രമികള്‍ വെട്ടിമാറ്റിയത്. കേസില്‍ 54 പ്രതികളാണുള്ളത്. അവഹേളനപരമായ പരാമര്‍ശമുള്ള ചോദ്യപേപ്പര്‍ തയ്യാറാക്കിയതിന്റെ പേരില്‍ സസ്‌പെന്‍ഷനില്‍ കഴിയുകയായിരുന്ന ജോസഫിനെ ഒരുസംഘം ആളുകള്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. വേട്ടേറ്റ് അറ്റുപോയ കൈപ്പത്തി പിന്നീട് കൂട്ടിച്ചേര്‍ത്തു.

Malayalam News

Kerala News In English