കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ പ്രൊഫ.ടി.ജെ ജോസഫിന്റെ കൈപ്പത്തിവെട്ടിമാറ്റിയ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കുറ്റപത്രം സമര്‍പ്പിച്ചു. കൊച്ചിയില്‍ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

കേസില്‍ ആകെ 54 പ്രതികളാണുള്ളത്. കേസില്‍ തുടരന്വേഷണം വേണമെന്ന് എന്‍.ഐ.എ കോടതിയെ അറിയിച്ചു. കേസിലെ പ്രതികളുടെ വിദേശബന്ധവും പണത്തിന്റെ സ്രോതസ്സിനെക്കുറിച്ചും കൂടുതല്‍ അന്വേഷണം വേണമെന്നും എന്‍.ഐ.എ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തേ കൈപ്പത്തിവെട്ടിമാറ്റിയ കേസിലെ പ്രതി ഡോ.റെനീഫിന് ജാമ്യം അനുവദിച്ച നടപടി സുപ്രീംകോടതി ശരിവെച്ചിരുന്നു. ജാമ്യം നല്‍കിയതിനെ എതിര്‍ത്ത് സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ കോടതി തള്ളുകയായിരുന്നു.

കൈവെട്ടുകേസില്‍ ഒമ്പതാംപ്രതിയാണ് റെനീഫ്. ഇയാള്‍ക്ക് സംഭവത്തില്‍ നേരിട്ട് പങ്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം നല്‍കിയത് ശരിവെച്ചത്.