കാസര്‍കോട്: ഹംസ വധക്കേസിലെ പിടികിട്ടാപ്പുള്ളിയായ തളങ്കര സ്വദേശിയും, ഇപ്പോള്‍ ഉളിയത്തടുക്കയില്‍ താമസക്കാരനുമായ അബ്ദുള്ള (60) പൊലീസിന്റെ പിടിയിലായി മൂന്നുമണിക്കൂറിനകം ആശുപത്രിയില്‍് മരിച്ചു.

തളങ്കര സ്വദേശിയായ അബ്ദുള്ളയെ ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് കാസര്‍കോട് ഡിവൈ. എസ്.പിയും സംഘവും വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. രാത്രി ഏഴുമണിയോടെയായിരുന്നു മരണം.

വര്‍ഷങ്ങളായി ഒളിവില്‍ കഴിയുന്ന അബ്ദുള്ള വീട്ടിലെത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് അയാളുടെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ട് മണിക്കൂറിനുശേഷം അബ്ദുള്ളയ്ക്ക് സുഖമില്ലെന്നും ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ഉടന്‍ അവിടേക്ക് എത്തണമെന്നും വീട്ടുകാരോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് വീട്ടുകാരും ബന്ധുക്കളും ആശുപത്രിയില്‍ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

അബ്ദുള്ളയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. അബ്ദുള്ള ഏറെക്കാലമായി ഹൃദ്രോഗബാധിതനായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു.
മരണവാര്‍ത്തയറിഞ്ഞ് ജനപ്രതിനിധികളും രാഷ്ട്രീയപ്രവര്‍ത്തകരും മറ്റും ജനറല്‍ ആശുപത്രിയിലെത്തി. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഭാര്യ: ആയിഷ. മക്കള്‍: ആസ്യ, ജുബരിയ, ബദറുദ്ദിന്‍. മരുമക്കള്‍: ഹംസ, അബ്ദുള്ള, ശബാന. സഹോദരങ്ങള്‍: ഹനീഫ, ജമീല (മുന്‍ നഗരസഭാംഗം).

1989 ഏപ്രില്‍ 29ന് രാത്രി പത്തരയോടെ പൊയിനാച്ചി ദേശീയപാതയില്‍ കാറില്‍ സഞ്ചരിക്കുന്നതിനിടെ ബേക്കല്‍ മൗവ്വലിലെ കെ.എം ഹംസയെ കള്ളക്കടത്തുസംഘം വെടിവച്ചുകൊന്നു എന്നതാണ് കേസില്‍ ്പ്രതിയാണിയാള്‍. ആറരക്കോടിയുടെ സ്വര്‍ണക്കടത്ത് ഡി.ആര്‍.ഐക്ക് ഒറ്റിക്കൊടുത്തതിന്റെ പ്രതികാരം വച്ചായിരുന്നു കൊലപാതകം. കേസില്‍ 19 പ്രതികളുണ്ട്. ഒന്നാംപ്രതി പാകിസ്ഥാന്‍ അബ്ദുള്‍റഹിമാന്‍ ഇപ്പോഴും വിദേശത്ത് ഒളിവിലാണ്. മുംബയിലെ അധോലോക സംഘങ്ങളിലേതുള്‍പ്പെടെ പതിനഞ്ചോളം പ്രതികള്‍ ഇതിനകം ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.