കൊച്ചി: കാസര്‍കോട്‌ ഹംസ വധക്കേസിലെ മുഖ്യപ്രതി കെ.സി .അബ്ദുല്ല ചെന്നൈയില്‍ അറസ്റ്റിലായി. കേസില്‍ രണ്ടാം പ്രതിയാണ് അബ്ദുല്ല. കൊലപാതകമുണ്ടായി 21 വര്‍ഷങ്ങള്‍ക്കു ശേഷമാണ് സിബിഐ പ്രതിയെ അറസ്റ്റ് ചെയ്തത്. കൊച്ചിയിലെത്തിച്ച അബ്ദുല്ലയെ നാളെ കോടതിയില്‍ ഹാജരാക്കും.

അബ്ദുല്ലയെ ശ്രീലങ്കന്‍ പൊലീസ് പിടികൂടി ഇന്ത്യയിലേക്ക് അയയ്ക്കുകയായിരുന്നു. ലഹരിമരുന്നു കേസില്‍ മുംബൈയില്‍ അറസ്റ്റിലായ അബ്ദുല്ലയെ വിചാരണയ്ക്കായി കൊണ്ടുപോവുമ്പോള്‍ അബ്ദുല്ല പോലീസിനെ വെട്ടിച്ചു ശ്രീലങ്കയിലേക്കു കടക്കുകയായിരുന്നു.

1989 ഏപ്രില്‍ 29 നു പൊയ്‌നാച്ചി നാഷനല്‍ ഹൈവേയിലാണു പള്ളിക്കര മൗലവി സ്വദേശിയായ ഹംസ വെടിയേറ്റു മരിച്ചത്. ആറു കോടി രൂപ വിലവരുന്ന കള്ളക്കടത്തു സ്വര്‍ണം മുംബൈയില്‍ എത്തിക്കാമെന്നേറ്റ ഹംസ ഈ വിവരം റവന്യു ഇന്റലിജന്‍സിന് ഒറ്റുകൊടുത്തതിന്റെ വിരോധം തീര്‍ക്കാന്‍ ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കള്ളക്കടത്തു സംഘമാണു കൊല നടത്തിയതെന്നാണു സിബിഐയുടെ കണ്ടെത്തല്‍.

കേസിലെ 19 പ്രതികളില്‍ ആറു പേര്‍ക്ക് ആദ്യഘട്ട വിചാരണയില്‍ കോടതി ജീവപര്യന്തം തടവു വിധിച്ചിരുന്നു. ഒന്നാം പ്രതി അബ്ദുല്‍ റഹ്മാന്‍ ഉള്‍പ്പെടെ അഞ്ചു പേരെ നേരത്തെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിരുന്നു. കൊലപാതകമുണ്ടായി 21 വര്‍ഷത്തിനു ശേഷമാണു രണ്ടാം പ്രതി കെ.എം. അബ്ദുല്ലയുടെ വിചാരണ പൂര്‍ത്തിയാക്കിയത്.

കള്ളക്കടത്തു സ്വര്‍ണം അബ്ദുല്‍ റഹ്മാന്‍ പറയുന്ന സ്ഥലത്ത് എത്തിക്കുകയായിരുന്നു ഹംസയുടെ ദൗത്യം. സ്വര്‍ണ ബിസ്‌ക്കറ്റ് നിറച്ച ജാക്കറ്റ് പറഞ്ഞിടത്ത് എത്തിക്കാന്‍ 25,000 രൂപ പ്രതിഫലം വാഗ്ദാനം ചെയ്‌തെങ്കിലും ഒരിക്കല്‍ അബ്ദുല്‍ റഹ്മാന്‍ വാക്കു തെറ്റിച്ചു. പിന്നീടു നടത്തിയ വിലപേശലിനു ശേഷം ഒടുവില്‍ 18,000 രൂപ നല്‍കിയെങ്കിലും ഈ സംഭവത്തോടെ ഹംസ കള്ളക്കടത്തു സംഘവുമായി അകന്നു. പിന്നീട് 370 കിലോഗ്രാം വരുന്ന 1600 സ്വര്‍ണബിസ്‌ക്കറ്റുകള്‍ മുംബൈയില്‍ എത്തിക്കാന്‍ ചുമതലപ്പെടുത്തിയപ്പോഴാണ് അബ്ദുല്‍ റഹ്മാനോടുള്ള പക വീട്ടാന്‍ ഹംസ രഹസ്യം ചോര്‍ത്തിയത്.

രണ്ടു കാറുകളിലായി കൊണ്ടുപോയ 6.02 കോടി രൂപയുടെ കള്ളക്കടത്തു സ്വര്‍ണം ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ തലപ്പാടിയില്‍ വച്ചു പിടികൂടി. രഹസ്യം അറിയിച്ചതിനു ഹംസയ്ക്കും കൂട്ടാളിക്കും 93 ലക്ഷം രൂപ പാരിതോഷികവും ലഭിച്ചിരുന്നു. ഇതില്‍ പ്രകോപിതരായ സംഘം ഹംസയെ കൊലപ്പെടുത്തുകയായിരുന്നു.