ന്യൂദല്‍ഹി: രാജ്യത്തിന്റെ പതിനാലാമത് ഉപരാഷ്ട്രപതിയായി മുഹമ്മദ് ഹമീദ് അന്‍സാരി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തത്.

Ads By Google

ഡോ. എസ്. രാധാകൃഷ്ണന് ശേഷം തുടര്‍ച്ചയായ രണ്ടാം തവണയും ഈ പദവിയിലെത്തുന്ന വ്യക്തിയാണ് അദ്ദേഹം. യു.പി.എ.യുടെയും ഇടതുപാര്‍ട്ടികളുടെയും സംയുക്ത നോമിനിയായി 2007ലാണ് അന്‍സാരി ആദ്യം ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്.

പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, കേന്ദ്രമന്ത്രിമാര്‍ യു.പി.എ ഘടകകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

നേരത്തെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങളടങ്ങിയ ഇലക്ടറല്‍ കോളേജിലെ 770 പേര്‍ വോട്ടു രേഖപ്പെടുത്തി. ഭരണമുന്നണിയായ യു.പി.എ.യുടെ സ്ഥാനാര്‍ഥിയായിരുന്ന അന്‍സാരിക്ക് 490 വോട്ട് കിട്ടി.

എതിര്‍സ്ഥാനാര്‍ഥി എന്‍.ഡി.എ.യുടെ ജസ്വന്ത്‌സിങ്ങിന് 238 വോട്ടും. അന്‍സാരിക്ക് 252 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. എട്ട് വോട്ടുകള്‍ അസാധുവായി. 34 പേര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല.