ന്യൂദല്‍ഹി: രാജ്യത്തിന്റെ പന്ത്രണ്ടാമത്തെ ഉപരാഷ്ട്രപതിയായി ഹമീദ് അന്‍സാരി തെരഞ്ഞെടുക്കപ്പെട്ടു. എന്‍.ഡി.എ പിന്തുണയോടെ മത്സരിച്ച ജസ്വന്ത് സിങ്ങിനെ പരാജയപ്പെടുത്തിക്കൊണ്ടാണ് ഹമീദ് അന്‍സാരി ഉപരാഷ്ട്രപതിയായത്.

Ads By Google

ഇത് രണ്ടാമത്തെ തവണയാണ് ഹമീദ് അന്‍സാരി ഉപരാഷ്ട്രപതിയാകുന്നത്. 252 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അന്‍സാരി വിജയിച്ചത്. 490 പേരുടെ വോട്ട് അദ്ദേഹത്തിന് ലഭിച്ചു.  യു.പി.എയുടെ പിന്തുണയോടെയാണ് അന്‍സാരി ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ചത്. അന്‍സാരിയെ ഇടതുകക്ഷികളായ സി.പി.ഐ.എം, സി.പി.ഐ, ഫോര്‍വേഡ് ബ്ലോക്ക് എന്നിവരും എസ്.പി, ബി.എസ്പി എന്നീ കക്ഷികളും പിന്തുണച്ചിരുന്നു. എതിര്‍ സ്ഥാനാര്‍ത്ഥിയായ ജസ്വന്ത് സിങ്ങിന് 238 വോട്ടുകള്‍ ലഭിച്ചു. എട്ട് വോട്ടുകള്‍ അസാധുവായി.

അഞ്ച് പതിറ്റാണ്ട് നീണ്ട നയതന്ത്ര ജീവിതത്തിന് ശേഷമാണ് അന്‍സാരി 2007ല്‍ ആദ്യമായി ഉപരാഷ്ട്രപതിയാകുന്നത്. ഡോ. എസ്. രാധാകൃഷ്ണന് ശേഷം രണ്ട് തവണ ഉപരാഷ്ട്രപതി സ്ഥാനം വഹിക്കുന്ന ആളാണ് അന്‍സാരി.