ഇസ്‌ലാമാബാദ്: അയല്‍ രാജ്യങ്ങള്‍ക്കെതിരെ അഫ്ഗാന്‍ മണ്ണ് ഉപയോഗിക്കാല്‍ ഒരു രാജ്യത്തേയും അനുവദിക്കില്ലെന്ന് അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി.അത്തരമൊരു ശ്രമം ഉണ്ടായാല്‍ അതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കക്ക് ഇറാനെതിരയോ ഇന്ത്യക്ക് പാകിസ്ഥാനെതിരെയോ അഫ്ഗാന്‍ മണ്ണ് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് കര്‍സായി വിശദീകരിച്ചു.

പാക്കിസ്ഥാനും ഇന്ത്യയും തമ്മിലും അമേരിക്കയും ഇറാനും തമ്മിലും അഫ്ഗാനിസ്ഥാനുള്ളില്‍ തന്നെയും ഒരു യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാന് ഇന്ത്യ ഉറ്റ സുഹൃത്തും പാക്കിസ്ഥാന്‍ ഇരട്ട സഹോദരനുമാണ്. ഇരട്ടകളെക്കാള്‍ വലിയ ബന്ധമാണ് അഫ്ഗാനും പാക്കിസ്ഥാനും തമ്മിലുള്ളത്. തങ്ങള്‍ സംയൂക്ത ഇരട്ടകളാണ്. ഒരു വേര്‍പിരിയല്‍ ഉണ്ടാവില്ലെന്നും കര്‍സായി വ്യക്തമാക്കി. സ്ഥിരതയും സമാധാനവുമുള്ള അഫ്ഗാനിസ്ഥാനില്ലാതെ പാക്കിസ്ഥാനില്‍ സമാധാനം നിലനിര്‍ത്താന്‍ കഴിയില്ലെന്നും കര്‍സായി അഭിപ്രായപ്പെട്ടു. പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്ന കര്‍സായ് പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു.