ഗാസ: ഫലസ്തീനിലെ ഇടക്കാല സര്‍ക്കാറിന്റെ നേതൃസ്ഥാനത്തേക്ക് ഫത്തായുടെ നോമിനിയായ സലാം ഫയ്യദിനെ അംഗീകരിക്കില്ലെന്ന് ഹമാസ്. ഹമാസും ഫത്തയും തമ്മില്‍ നേരത്തേയുണ്ടാക്കിയ ഒത്തുതീര്‍പ്പ് കരാര്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നുവെന്ന സൂചനയാണ് ഹമാസിന്റെ പ്രതികരണത്തോടെ വ്യക്തമായിരിക്കുന്നത്.

വെസ്റ്റ് ബാങ്ക് കേന്ദ്രമായുള്ള ഫലസ്തീന്‍ അതോറിറ്റിയുടെ പ്രധാനമന്ത്രി സ്ഥാനത്തേക്കായിരുന്നു ഫത്ത ഫയ്യദിന്റെ പേര് നിര്‍ദ്ദേശിച്ചത്. വിദേശവിദ്യാഭ്യാസം നേടിയ സലാം ഫയ്യദിനെ ഇടക്കാല സര്‍ക്കാറിന്റെ മേധാവിയാക്കുന്നതില്‍ മറ്റ് രാഷ്ട്രങ്ങള്‍ക്കും താല്‍പ്പര്യമുണ്ട്.

ഫലസ്തീന്റെ വികസനത്തിനായി നല്‍കുന്ന പണം ഹമാസിന്റെ കൈകളിലെത്തുന്നത് ഫയ്യദ് പ്രധാനമന്ത്രിയാകുന്നതിലൂടെ തടയാമെന്നാണ് മറ്റ് രാഷ്ട്രങ്ങള്‍ കരുതുന്നത്. എന്നാല്‍ ഇടക്കാല സര്‍ക്കാറിന്റെ നേതൃസ്ഥാനത്ത് ഫയ്യദിനെ പ്രതിഷ്ഠിക്കാന്‍ അനുവദിക്കില്ലെന്ന് ഹമാസ് വക്താവ് സാല ബര്‍ദാവില്‍ പറഞ്ഞു.