ലണ്ടന്‍: നിരവധി പേരേയും വഹിച്ച് പറക്കുന്ന വിമാനം നിയന്ത്രിക്കുന്ന പൈലറ്റുമാരില്‍ പകുതി പേരും വിമാനം പറപ്പിക്കുന്ന സമയത്ത് ഉറങ്ങാറുണ്ടെന്ന് പഠനം.

ഓസ്ട്രിയ, സ്വീഡന്‍,ജര്‍മനി,ഡെന്‍മാര്‍ക് തുടങ്ങിയ രാജ്യങ്ങളില്‍ നടത്തിയ സര്‍വേയില്‍ നിന്നും അഞ്ചില്‍ നാല് പൈലറ്റുമാരും ഉറങ്ങിയും വേണ്ടത്ര ജാഗ്രതയില്ലാതെയുമാണ് വിമാനം പറപ്പിക്കുന്നതെന്നാണ് വ്യക്തമായിരിക്കുന്നത്.

Ads By Google

ദ യൂറോപ്യന്‍ കോക്പിറ്റ് അസോസിയേഷന്‍ നടത്തിയ സര്‍വേയില്‍ പൈലറ്റുമാരില്‍ പകുതിയിലേറെ പേരും പകുതി ഉറക്കത്തിലാണ് വിമാനം നിയന്ത്രിക്കുന്നതെന്ന് സമ്മതിച്ചതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യു.കെയിലും നോര്‍വേയിലും നടത്തിയ പഠനത്തില്‍ വിമാനത്തില്‍ മൂന്ന് പൈലറ്റുമാരുണ്ടെങ്കില്‍ അവരില്‍ രണ്ട് പേര്‍ നല്ല ഉറക്കത്തിലാണെങ്കില്‍ മൂന്നാമന്‍ ഉണര്‍ന്നിരിക്കുമെന്ന് വ്യക്തമാക്കുന്നുണ്ട്.

സ്വീഡന്‍, നോര്‍വെ, ഡെന്‍മാര്‍ക്ക് എന്നിവിടങ്ങളില്‍ അഞ്ചില്‍ മൂന്ന് പൈലറ്റുമാര്‍ക്ക് ക്ഷീണം മൂലം പിശകുകള്‍ പറ്റാറുണ്ട്. ജര്‍മ്മനിയില്‍ നാലില്‍ അഞ്ച് പൈലറ്റുമാര്‍ക്ക് ഇതേ പ്രശ്‌നമുണ്ട്. 2010-12 കാലയളവില്‍ 6000 യൂറോപ്യന്‍ പൈലറ്റുമാരിലാണ് യൂറോപ്യന്‍ കോക്ക്പിറ്റ് അസോസിയേഷന്‍ പഠനം നടത്തിയത്.

ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലെ പൈലറ്റുമാരും വിമാനം പറപ്പിക്കുന്നതിനിടെ ഉറങ്ങിപ്പോകാറുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് ആധികാരിക പഠനങ്ങള്‍ അപൂര്‍വമാണ്.

യൂറോപ്യന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി പറയുന്നത് പൈലറ്റുമാര്‍ ഇത്തരത്തില്‍ ക്ഷീണതരാകാതിരിക്കാന്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവരണമെന്നും പൈലറ്റുമാരുടെ ജോലി ക്രമത്തില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നുമാണ്. വിമാനത്തിലെ യാത്രക്കാരുടെ ജീവനായിരിക്കണം പ്രാധാന്യമെന്നും ഇ.സി.എ വ്യക്തമാക്കുന്നു.