Categories

ഹജ്ജിനായി ഇന്ത്യയില്‍ നിന്ന് കൂടുതല്‍ തീര്‍ത്ഥാടകരെത്തിത്തുടങ്ങി

ടി.കെ. സനീം

മക്ക: വിശുദ്ധ ഹജ്ജ്് കര്‍മം നിര്‍വഹിക്കാന്‍ ഇന്ത്യയില്‍നിന്ന് കൂടുതല്‍ തീര്‍ഥാടകര്‍ എത്തിത്തുടങ്ങി. കേന്ദ്ര ഹജ്ജ് കമ്മിറ്റി മഖേന കേരളത്തില്‍ നിന്ന് വരുന്ന ഹാജിമാരുടെ ആദ്യ സംഘം ഇന്ന് മദീനയിലെത്തും. ഇന്ന് 2.40ന് മദീന പ്രിന്‍സ് മുഹമ്മദ് ഇബ്‌നു അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ടിലാണ് ഇവര്‍ ഇറങ്ങുന്നത്. കേരളത്തില്‍ നിന്നുള്ള ചില സ്വകാര്യ ഗ്രൂപ്പിലെ സംഘങ്ങളും ഇപ്പോള്‍ മക്കയിലുണ്ട്. കൂറ്റമ്പാറ അബ്ദുറഹിമാന്‍ ദാരിമിയുടെ നേതൃത്വത്തിലെത്തിയ മര്‍കസ് ഹജ്ജ് സംഘവും ഇ.സുലൈമാന്‍ മുസ്‌ലിയാര്‍ അമീറും മൊയ്തു ബാഖവി മാടവന അസിസ്റ്റന്റ്് അമീറുമായ എസ്.വൈ.എസ് ഹജ്ജ്് സെല്ലിന്റെ ആദ്യ ബാച്ചും മക്കയിലെത്തിയിട്ടുണ്ട്.

ഇന്ന് മദീനയിലെത്തുന്ന ഹാജിമാരെ ഹജ്ജ്് മിഷന്‍ മദീന ഉദ്യോഗസ്ഥര്‍ക്ക് പുറമെ മലയാളികളുടെ പൊതു കൂട്ടായ്മ കൂടിയായ മദീന ഹജ്ജ് വെല്‍ഫെയര്‍ ഫോറം പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്വീകരിക്കും. നാളെ ഇന്ത്യയില്‍ നിന്ന് മദീനയിലേക്കു വരുന്ന 13 വിമാനങ്ങളില്‍ രണ്ടെണ്ണമാണ് കരിപ്പൂരില്‍ നിന്ന് എത്തുന്നത്. നവംബര്‍ ഒന്ന് വരെയാണ് തീര്‍ഥാടകര്‍ മദീനയിലേക്ക് വരുന്നത്.

മക്ക, മദീന ഹറമുകളിലും പരിസരത്തെ റോഡുകളിലും വഴിതെറ്റിപ്പോകുന്ന തീര്‍ഥാടകരെ സഹായിക്കാന്‍ ഇന്ത്യന്‍ ഹജ്ജ്് മിഷന്റെ വളണ്ടിയര്‍മാര്‍ രംഗത്തുണ്ട്. ഹജ്ജ് സേവന രംഗത്ത് സന്നദ്ധ സംഘടനകളുടെ വളണ്ടിയര്‍മാരും ഹജ്ജിന്റെ സമയങ്ങളില്‍ സഹായത്തിന് രംഗത്തുണ്ടാകും.

ഇതില്‍ ഈമാസം 25ന് ഒഴികെ ബാക്കി എല്ലാ ദിവസവും കരിപ്പൂരില്‍ നിന്ന് രണ്ടും 25ന് മൂന്ന് വിമാനങ്ങളെത്തും. ഇന്ത്യന്‍ തീര്‍ഥാടകരുടെ മദീന വഴിയുള്ള വരവിന് തുടക്കമായത് ഈ മാസം ഒമ്പത് മുതല്‍ക്കാണ്. അതിനാല്‍ ഇന്ത്യന്‍ ഹാജിമാരെത്തിരുടങ്ങിയ ശേഷം 13ാം ദിവസമണ് മലയാളികളുടെ ആദ്യ വരവുണ്ടാകുന്നത്. ഇക്കാരണത്താല്‍ ഹറമിന് സമീപം സെന്‍ട്രല്‍ ഏരിയയില്‍ മുഴുവന്‍ മലയാളികള്‍ക്കും താമസം ലഭിക്കാനിടയില്ല. കാരണം ഇതിനകം ഈ ഭാഗത്തെ കെട്ടിടങ്ങളില്‍ തീര്‍ഥാടകര്‍ ഏകദേശം നിറഞ്ഞുകഴിഞ്ഞിരിക്കുകയാണ്.

എങ്കിലും ആദ്യത്തെ വിമാനങ്ങളില്‍ എത്തുന്ന മലയാളികള്‍ക്കു ഹറമിനു സമീപം തന്നെ താമസം ലഭിക്കാന്‍ സാധ്യതയുണ്ട്. പ്രവാചക നഗരിയില്‍ ഇപ്പോള്‍ മിതമായ കാലാവസ്ഥയാണുള്ളത്. അതിനാല്‍ കാലാവസ്ഥ തീര്‍ഥാടകരെ ദോഷകമായി ബാധിക്കാന്‍ സാധ്യതയില്ല. മലയാളികളായ അഞ്ച് ഡോക്ടര്‍മാരും ഹജ്ജ് സവേനത്തിനുവേണ്ടി ഇതിനകം മദീന ഹജ്ജ് മിഷന്‍ മെഡിക്കല്‍ സെന്ററുകളില്‍ എത്തയിട്ടുണ്ട്. പരാമെഡിക്കല്‍ സ്റ്റാഫുകളിലും മലയാളികളുള്ളത് കേരള ഹാജിമാര്‍ക്ക് ഉപകാരപ്രദമാകും.

മക്കയില്‍ ഹജ്ജ് തീര്‍ഥാടകരുടെ എണ്ണം വര്‍ധിക്കാന്‍ തുടങ്ങിയതോടെ മക്കയിലേക്കുള്ള പ്രവേശനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പെടുത്താന്‍ തുടങ്ങി. മക്കക്കടുത്ത റോഡുകളിലെ ചെക്ക് പോസ്റ്റുകളില്‍ കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി ഇഖാമ പരിശോധിച്ച ശേഷമാണ് ആളുകളെ കടത്തിവിടുന്നത്. ഹാജിമാര്‍ക്കും മക്ക ഇഖാമയുള്ളവര്‍ക്കും ബുദ്ധിമുട്ടില്ലാതെ മക്ക അതിര്‍ത്തിയിലെ ചെക്ക് പോസ്റ്റ് കടക്കാം. എന്നാല്‍, ജിദ്ദ ഇഖാമയുള്ളവരും രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളിലുള്ളവരും മക്കയിലേക്ക് കടക്കുന്നതിന് നിയന്ത്രണമേര്‍പെടുത്തിയിട്ടുണ്ട്.

എന്നാല്‍ ഹജ്ജ് സീസണില്‍ നിയമ ലംഘനം നടത്തുന്ന വിമാന കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ഹജ്ജ് വിമാനങ്ങള്‍ക്ക് നിശ്ചയിച്ച നിബന്ധനകളില്‍ ഏറ്റവും പ്രധാനം ബാങ്ക് ഗ്യാരന്റിയാണ്. ഹജ്ജ് സര്‍വീസ് നടത്തുന്ന വിമാന കമ്പനിയോ, ഏജന്‍സിയോ ആറുലക്ഷം റിയാലില്‍ കുറയാത്ത സംഖ്യ ബാങ്ക് ഗ്യാരന്റിയായി അതോറിറ്റിക്ക് നല്‍കണമെന്നാണ് വ്യവസ്ഥ.

മടക്കയാത്രാ സമയം പാലിക്കാത്ത വിമാനങ്ങളിലെ യാത്രക്കാരെ തിരിച്ചയക്കുന്നതിനും അവരുടെ ലഗേജുകള്‍ കൊണ്ടുപോകുന്നതിനുമുള്ള ചെലവ് ഈ ബാങ്ക് ഗ്യാരന്റിയില്‍നിന്ന് ഈടാക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി. വിമാനം വഴി ഹജ്ജ് തീര്‍ഥാടകരെത്തുന്നതിന് നിശ്ചയിച്ച സമയപരിധിക്ക് ശേഷം എത്തുന്ന വിമാനങ്ങള്‍ക്ക് ഒരു ലക്ഷം റിയാല്‍ പിഴയുണ്ടാകും. അതുപോലെ, അനുമതി കൂടാതെ പുറപ്പെടുന്ന വിമാനങ്ങള്‍ക്ക് 10,000 റിയാലാണ് പിഴ. ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാതിരിക്കുകയോ, അതില്‍ കാലതാമസം വരുത്തുകയോ ചെയ്യുന്ന വിമാന കമ്പനികള്‍ക്കെതിരെയും നടപടിയുണ്ടാകും.

തീര്‍ത്ഥാടകരെ നിശ്ചിത സമയത്ത് തിരിച്ചുകൊണ്ടു പോകാതിരിക്കുകയോ, തീര്‍ത്ഥാടകര്‍ പോയിട്ടും ലഗേജുകള്‍ കൊണ്ടുപോകാതിരിക്കുകയോ ചെയ്താല്‍ ഇതിനായി നിശ്ചയിച്ച സമിതിക്ക് കീഴില്‍ യാത്രക്കും ലഗേജുകള്‍ കൊണ്ടുപോകാനും പകരം സംവിധാനമൊരുക്കുമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി സൂചിപ്പിച്ചു. ഇതിന്റെ മുഴുവന്‍ ചെലവുകളും നിയമ ലംഘനം നടത്തിയ വിമാന കമ്പനിയോ എജന്‍സിയോ വഹിക്കണം. 60,000 റിയാലിന് സമാനമായ ആഭരണങ്ങളോ കറന്‍സിയോ കൊണ്ടുവരുന്ന തീര്‍ഥാടകര്‍ കസ്റ്റംസ് പരിശോധനാ ഫോറത്തില്‍ ഈ വിവരം രേഖപ്പെടുത്തണം.

ഹജ്ജ് തീര്‍ഥാടകരുടെ സേവനത്തിന് പൊതുസുരക്ഷാ വകുപ്പിന് കീഴില്‍ മദീനയില്‍ 8,000 ഉദ്യോഗസ്ഥര്‍ രംഗത്തുണ്ടാകുമെന്ന് മദീന മേഖല പൊലീസ് മേധാവിയും ഹജ്ജ് സുരക്ഷാ കമ്മിറ്റി അധ്യക്ഷനുമായ ജനറല്‍ ഇവദ് സഈദ് അല്‍ സര്‍ഹാനി പറഞ്ഞു. തീര്‍ഥാടകരുടെ സേവനത്തിന് പൊതുസുരക്ഷാ വകുപ്പിന് കീഴിലെ മുഴുവന്‍ വിഭാഗങ്ങളും ഒറ്റക്കെട്ടായി ഉണ്ടാകും. പൊലീസിന് പുറമെ ട്രാഫിക്, സിവില്‍ ഡിഫന്‍സ്, റോഡ് സുരക്ഷാ വിഭാഗം, അടിയന്തര സേന, സുരക്ഷാ പട്രോളിങ് വിഭാഗം തുടങ്ങിയവ ഇതിലുള്‍പെടുമെന്നും പൊലീസ് മേധാവി പറഞ്ഞു. പോക്കറ്റടി പോലുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ ഹറമിനുള്ളിലും മുറ്റങ്ങളിലും കച്ചവട കേന്ദ്രങ്ങളിലും നിരീക്ഷണം നടത്തും.

തീര്‍ഥാടകരുടെ വാഹനങ്ങള്‍ നിരീക്ഷിക്കാനും കേടാകുന്ന സമയത്ത് പകരം വാഹനമൊരുക്കുന്നതടക്കം ആവശ്യമായ സഹായങ്ങള്‍ നല്‍കാനും റോഡ് സുരക്ഷാ വിഭാഗം രംഗത്തുണ്ടാകും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.