മക്ക: പരിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ച്‌കൊണ്ട് തീര്‍ത്ഥാടകലക്ഷങ്ങള്‍ മിനായിലേക്ക്. മക്കയില്‍ നിന്ന് ഇന്നലെ വൈകിയിട്ട് തുടങ്ങിയ മീനാപ്രയാണം ഇന്ന് ഉച്ചവരെ തുടരും. അപ്പോഴേക്കും തീര്‍ത്ഥാടക ലക്ഷങ്ങള്‍ മീനായിലെത്തും.ഇന്ന് രാത്രി മിനായില്‍ തങ്ങുന്നതോടെ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് തുടക്കമാകുന്നത്.

തിങ്കളാഴ്ച രാവിലെ തീര്‍ത്ഥാടകര്‍ അറഫയിലേക്ക് നീങ്ങും. അറഫ സംഗമത്തില്‍ പങ്കെടുക്കലാണ് ഹജ്ജിന്റെ ഏറ്റവും പ്രധാനപ്പെട്ട കര്‍മ്മം. ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക് ചൊല്ലിയാണ് ഹാജിമാര്‍ അറഫ ലക്ഷ്യമാക്കി നീങ്ങുക. പരലോകവിചാരണയുടെ ഓര്‍മപ്പെടുത്തലാണ് ഇത്. ഈ സംഗത്തില്‍ പങ്കെടുക്കാതെ ഹജ്ജ് പൂര്‍ത്തിയാവില്ലെന്നാണ് വിശ്വാസം.

സൂര്യാസ്തമയത്തിനു ശേഷം മുസ്ദലിഫയിലേക്ക് പോയി അവിടെ താമസിച്ച് പിറ്റെ ദിവസം മിനായിലേക്ക് തിരികെ വരണം. അവിടെന്നാണ് സത്താന്റെ രൂപമായ ജംറയ്ക്ക് കല്ലെറിയല്‍ ചടങ്ങുതുടങ്ങുന്നത്. ഇതിനുശേഷം മസ്ജിദുല്‍ ഹറമില്‍ പോയി ഖഅബ പ്രദക്ഷിണം, സഫാമര്‍വക്കിടയിലുള്ള ഓട്ടം, ബലികര്‍മം, മുടിയെടുക്കല്‍ എന്നിവ നിര്‍വഹിക്കണം. നാലും അഞ്ചും ദിവസങ്ങളില്‍ മിനായില്‍ താമസിച്ച് മൂന്ന് ജംറകളില്‍ കല്ലെറിഞ്ഞ് ആ ചടങ്ങ് പൂര്‍ത്തീകരിക്കണം. ദുല്‍ഹജ്ജ് പതിമൂന്നിന് കഅബയുടെ അടുത്തെത്തി വിടവാങ്ങല്‍ പ്രദക്ഷിണം നിര്‍വഹിക്കുന്നതോടെ ഹജ്ജ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാകും.