ദുബൈ: ഹജ്ജ് തീര്‍ത്ഥാടനത്തിനെത്തിയ ഇന്ത്യക്കാരില്‍ ഇതുവരെ 19 പേര്‍ മരിച്ചതായി ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ഹജ്ജ് കമ്മിറ്റി വഴിയെത്തിയ 15 പേരും സ്വകാര്യ ടൂര്‍ ഓപ്പറേറ്റേഴ്‌സ് വഴിയെത്തിയ നാലു പേരുമാണു മരിച്ചത്. ഇന്ത്യയില്‍ നിന്നെത്തിയ സംഘത്തിലെ 27487 പേര്‍ മക്കയിലും 34345 പേര്‍ മദീനയിലുമാണുള്ളതെന്ന് കോണ്‍സുലേറ്റ് ജനറല്‍ അറിയിച്ചു.

ഇതുവരെ ഇന്ത്യയില്‍ നിന്ന് 223 വിമാനങ്ങളാണ് വന്നത്. ദല്‍ഹിയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേരെത്തിയിട്ടുള്ളത്. 20268 പേരാണ് തലസ്ഥാനത്തുനിന്നും തീര്‍ത്ഥാടനത്തിനായി വിശുദ്ധനഗരത്തിലെത്തിയത്. ലഖ്‌നൊയില്‍ നിന്ന് 10128 പേരും ഹൈദരാബാദില്‍ നിന്ന് 6977 പേരും കോഴിക്കോട് നിന്ന് 8400പേരും എത്തിയിട്ടുണ്ട്.

അതിനിടെ അതിര്‍ത്തിപ്രദേശങ്ങളില്‍ അസ്വസ്ഥതകള്‍ പുകയുന്നത് സൗദിയെ അലോസരപ്പെടുത്തുന്നുണ്ട്. ഹജ്ജിനെ തടസ്സെപ്പടുത്തുന്ന രീതിയില്‍ ഏത് നീക്കമുണ്ടായാലും അടിച്ചമര്‍ത്തുക തന്നെ ചെയ്യുമെന്ന് മക്കയിലെ ഗവര്‍ണര്‍ ഖാലിദ് അല്‍ഫൈസല്‍ അറിയിച്ചിട്ടുണ്ട്.