Categories

ഓടിയോടി…മതിയായി!

sports desk

മാരത്തണിലെ ലോകറെക്കോര്‍ഡുകാരന്‍ എത്യോപ്യയുടെ ഹെയ്‌ലി ഗബ്രെസെലാസി ഓട്ടം നിര്‍ത്തി. ലോകകായിക ചരിത്രത്തില്‍ എത്യോപ്യക്ക് പ്രമുഖസ്ഥാനം സമ്മാനിച്ചാണ് മാരത്തണിലെ ഈ ലോകറെക്കോര്‍ഡുകാരന്‍ ഓട്ടം മതിയാക്കിയത്.

കാല്‍മുട്ടിനേറ്റ പരിക്കുകാരണം ന്യൂയോര്‍ക്ക് മാരത്തണില്‍ പങ്കെടുക്കാന്‍ കഴിയാഞ്ഞതോടെ ട്രാക്കില്‍ നിന്നും വിടപറയാന്‍ തീരുമാനിക്കുകയായിരുന്നു ഈ 37 കാരന്‍.

ചെറുപ്പത്തില്‍ നേരിട്ട കഠിന ജീവിത യാഥാര്‍ത്ഥ്യങ്ങളാണ് സെലാസിയെ മികച്ച മാരത്തണ്‍ താരമാക്കി മാറ്റിയതത്. ചെറുപ്പത്തില്‍ സ്‌കൂളിലേക്കും തിരിച്ചും സെലാസിക്ക് പിന്നിടേണ്ടിവന്നത് ഇരുപതുകിലോമീറ്ററായിരുന്നു.

പത്തുവര്‍ഷം തുടര്‍ച്ചയായി ഈ ഓട്ടം തുടര്‍ന്നു. ചെറുപ്പത്തിലാര്‍ജ്ജിച്ച ഈ മനക്കരുത്തും ശാരീരികക്ഷമതയുമാണ് സെലാസിക്ക് ഭാവിയില്‍ തുണയായത്.

പട്ടിണിയും ആഭ്യന്തരകലഹങ്ങളും രാഷ്ട്രീയ അസ്ഥിരതയും കൊണ്ടുമാത്രം കുപ്രസിദ്ധമായ എത്യോപ്യ എന്ന ആഫ്രിക്കന്‍ രാജ്യത്തിന് കായികരംഗത്തെ മികച്ച പ്രകടനത്തോടെ അല്‍പ്പമെങ്കിലും നിറച്ചാര്‍ത്ത് നല്‍കിയ താരമായിരുന്നു സെലാസി.

1996ലെ അറ്റ്‌ലാന്റ ഒളിമ്പിക്‌സിലും 2000ലെ സിഡ്‌നി ഒളിമ്പിക്‌സിലും മാരത്തണില്‍ റെക്കോര്‍ഡ് സ്വര്‍ണനേട്ടമാണ് ഗബ്രെസെലാസി കരസ്ഥമാക്കിയത്.

ലോക ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ ചാമ്പ്യന്‍ഷിപ്പുകളിലായി 25 തവണയിലേറെയാണ് ഈ എത്യോപ്യക്കാരന്‍ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചത്. ബെര്‍ലിന്‍ മാരത്തണിലെ തുടര്‍ച്ചയായ നാലുകിരീട നേട്ടവും ദുബൈ മാരത്തണിലെ തുടര്‍ച്ചയായ മൂന്നുകിരീടനേട്ടവും താരത്തിന്റെ കിരീടത്തിലെ പൊന്‍തൂവലുകളായി.

മാരത്തണില്‍ എത്യോപ്യന്‍ ദേശീയ റെക്കോര്‍ഡ് 61 തവണയാണ് സെലാസി തിരുത്തിക്കുറിച്ചത്. ഓരോ തവണ ഓടുമ്പോഴും പുതിയ വേഗത കണ്ടെത്തുന്ന ഗബ്രെസെലാസിയെ മാരത്തണിനായി മാത്രം ജനിച്ച താരമായാണ് വാഴ്ത്തുന്നത്.

മാരത്തണ്‍ എന്നു കേള്‍ക്കുമ്പോള്‍ ഗബ്രെസെലാസിയെന്ന മെല്ലിച്ച ഉന്തിയ നെഞ്ചുമായി പായുന്ന ഈ എത്യോപ്യക്കാരന്‍ ഓര്‍മയിലെത്തുന്നതും അതുകൊണ്ടുതന്നെ.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.