അബുദാബി: അന്താരാഷ്ട്ര ഹോളി ഖുര്‍ ആന്‍ അവാര്‍ഡ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഇക്കുറിയും കോഴിക്കോട് കാരന്തൂര്‍ മര്‍കസില്‍ നിന്നുള്ള വിദ്യാര്‍ത്ഥി. കാരന്തൂര്‍ മര്‍കസുസ്സഖാഫത്തി സുന്നിയ്യ ശരീഅത്ത് കോളേജ് വിദ്യാര്‍ഥി ഹാഫിസ് ഷമീര്‍ (20) ആണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. 98 ഓളം രാജ്യങ്ങളിലെ മത്സരാര്‍ഥികളോടൊപ്പമാണ് ഹാഫിസ് ഷമീര്‍ തന്റെ ഖുര്‍ആന്‍ വിജ്ഞാനം മാറ്റുരക്കുക. മത്സരത്തില്‍ പങ്കെടുക്കാനായി ഷമീര്‍ അടുത്ത ദിവസം ദുബൈയില്‍ എത്തും.

മലപ്പുറം വേങ്ങര ചേറൂര്‍ സ്വദേശിയായ ഷമീര്‍ കൊടക്കല്ലന്‍ മുഹമ്മദ് കുട്ടിയുടെയും ഖദീജയുടെയും മകനാണ്. 2002ല്‍ മര്‍ക്കസ് ഹിഫ്‌ലാല്‍ ഖുര്‍ ആനില്‍ ചേര്‍ന്നു. 2005 ല്‍ ഹാഫിസ് ബിരുദം കരസ്ഥമാക്കി 2008 ല്‍ നടന്ന സംസ്ഥാന സ്‌കൂള്‍ അറബിക് കലോത്സവത്തില്‍ ഖിറാഅത്തിന് ഒന്നാം സ്ഥാനം നേടിയ ശമീര്‍ 2010 ല്‍ ഈജിപ്തില്‍ നടന്ന ഖുര്‍ആന്‍ മത്സരത്തിലും 2007 ല്‍ തിരുവനന്തപുരത്തും 2009 ല്‍ കോഴിക്കോടും നടന്ന അഖില കേരള ഖുര്‍ആന്‍ മത്സരങ്ങളിലും 2006 ല്‍ നടന്ന എസ്.എസ്.എഫ്.സംസ്ഥാന സാഹിത്യോത്സവിലും ഖിറാ അത്തിനു ഒന്നാം സ്ഥാനം നേടിയിരുന്നു. 2009 ല്‍ നടന്ന മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച മര്‍കസ് വിദ്യാര്‍ഥി ഹാഫിസ് ഇബ്രാഹിം ഒന്നാം സ്ഥാനം നേടിയിരുന്നു