റിയാദ്: ‘ഹാദിയ വ്യക്തിസ്വാതന്ത്ര്യത്തിന്റെ അതിരുകള്‍’ എന്ന വിഷയത്തെ ആസ്പദമാക്കി ജനാധിപത്യമതേതര വേദി, റിയാദ് സെമിനാര്‍ നടത്തി.

ചടങ്ങ് തിരുവനന്തപുരം സി ഡി എസ്സിലെ പ്രൊഫസറും വിമണ്‍സ് ആക്ടിവിസ്റ്റുമായ ഡോ ജെ ദേവിക ടെലിഫോണിലൂടെ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ആര്‍ മുരളീധരന്‍ അദ്ധ്യക്ഷത വഹിച്ചു.

വ്യവസ്ഥാപിത മലയാളി സമൂഹത്തിന്റെ സാംസ്‌കാരിക വീഴ്ചകളാണ് സ്വതന്ത്രമായ തീരുമാനങ്ങളെടുക്കാന്‍ കഴിയാത്തവിധം പ്രായപൂര്‍ത്തിയായിട്ടും കുട്ടികളായിരിക്കുന്ന യുവതീയുവാക്കളെ സൃഷ്ടിക്കുന്നതെന്നും ഹാദിയ അതിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണെന്നും ഡോ ദേവിക പറഞ്ഞു.

മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ ഭരണഘടനാപരമായ അവകാശങ്ങളാണ്. ഇസ്ലാമിക സംഘടനകള്‍ മാത്രമല്ല ഹിന്ദു സംഘടനകളും അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. കേരളത്തിന്റെ സാഹചര്യത്തില്‍ ന്യൂനപക്ഷങ്ങള്‍ ശക്തരാണെന്നും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ ചെയ്യുന്നതുപോലെ ഇവിടെ അവരെ ചവിട്ടിമെതിക്കാന്‍ കഴിയാത്തതിലുള്ള അമര്‍ഷമാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ ഹിന്ദുത്വവാദികളെ പ്രേരിപ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു.

രാഷ്ട്രീയമെന്ന പേരില്‍ ഇന്ന് കേരളത്തില്‍ അരങ്ങേറുന്നത് പുരുഷമാടമ്പിമാരുടെ ഏറ്റുമുട്ടലുകള്‍ മാത്രമാണെന്നും ഇതിനിടയില്‍ ഹാദിയയുടെ വ്യക്തിസ്വാതന്ത്ര്യത്തെപ്പറ്റി സുപ്രീം കോടതി നടത്തിയ പ്രസക്തവും പ്രധാനപ്പെട്ടതുമായ നിരീക്ഷണങ്ങള്‍ വിസ്മരിക്കപ്പെടുകയാണെന്നും ഡോ ദേവിക പരാതിപ്പെട്ടു.

മതപരമായ തെരഞ്ഞെടുപ്പുകള്‍ നടത്താനുള്ള വ്യക്തികളുടെ അവകാശങ്ങളെക്കുറിച്ച് പൊതുബോധത്തില്‍ നിലനില്‍ക്കുന്ന സാങ്കല്പികവും കെട്ടുകഥാസമാനവുമായ ആരോപണങ്ങളുടെ സ്വാധീനം നമ്മുടെ നിയമ വ്യവഹാര മണ്ഡലങ്ങളെപ്പോലും സ്വാധീനിക്കുന്നത്തിന്റെ പ്രത്യക്ഷമായ ഉദാഹരണമാണ് ഹാദിയയും ഷെഫിന്‍ ജഹാനുമായുള്ള വിവാഹം റദ്ദാക്കിയ, തികഞ്ഞ ഭരണഘടനാവിരുദ്ധമായ, വിധിപ്രസ്താവത്തിലൂടെ ഹൈക്കോടതി നടത്തിയതെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജയചന്ദ്രന്‍ നെരുവമ്പ്രം പറഞ്ഞു.

ലവ് ജിഹാദും, നിര്‍ബന്ധിത മതപരിവര്‍ത്തനവും ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കാന്‍ ശ്രമിക്കുന്നുവെന്നുള്ള പ്രചാരണങ്ങളും സംഘപരിവാര്‍ ശക്തികള്‍ കെട്ടഴിച്ചുവിടുന്ന ഇസ്ലാമോഫോബിയയുടെ സൃഷ്ടിയാണെന്നും ജയചന്ദ്രന്‍ പറഞ്ഞു.

മതപഠനത്തിന്റെ കാര്യത്തില്‍ കേരളത്തിലെ ഹിന്ദുകള്‍ക്ക് അയഞ്ഞ സമീപനമാണുള്ളതെന്നും ഈശ്വരസങ്കല്പത്തെക്കുറിച്ചും സ്വധര്‍മ്മത്തെക്കുറിച്ചുമൊക്കെയുള്ള തികഞ്ഞ അജ്ഞതയാണ് അഖിലയെ ഹാദിയയാക്കിയതിന്റെ പ്രധാന കാരണങ്ങളെന്നും കേരളത്തിലെ ഹിന്ദു സംഘടനകള്‍ ഇക്കാര്യം ഗൗരവതരമായി കാണണമെന്നും ബി ജെ പി യുടെ ഓവര്‍സീസ് സംഘടനയായ സമന്വയയുടെ പ്രതിനിധി ദീപക് പറഞ്ഞു.

ഭരണഘടന അനുശാസിക്കുന്ന തരത്തില്‍ മതവും രാഷ്ട്രീയവും സാമൂഹിക വ്യവഹാരങ്ങളും തീരുമാനിക്കാന്‍ ഒരു വ്യക്തിക്ക് പൂര്‍ണ്ണമായ അധികാരവും അവകാശവും നല്‍കേണ്ടതുണ്ടെന്നും ഹിന്ദുവും കൃസ്ത്യാനിയും മുസ്ലീമും ഒരു കുടുംബത്തില്‍ തന്നെ കഴിയാനുള്ള സാമൂഹ്യസാഹചര്യം ഒരുക്കുന്ന അതിരുകളില്ലാത്ത മാനവികതയെന്ന സ്വപ്നമാണ് തങ്ങള്‍ കാണുന്നതെന്നും യൂത്ത് ഇന്ത്യയുടെ പ്രതിനിധി ഫിറോസ് പുതുക്കോട് പറഞ്ഞു.

സ്ത്രീയുടെ അവകാശങ്ങള്‍ പുരുഷന്‍ നിര്‍ണ്ണയിക്കുന്ന അവസ്ഥയില്‍ നിന്നും മാറി സ്ത്രീ സ്വതന്ത്രയായി തീരുമാനങ്ങള്‍ എടുക്കുന്ന അവസ്ഥയിലേക്ക് മാറുകയും അതിന് സമൂഹത്തിന്റെയും നീതിന്യായ സ്ഥാപനങ്ങളുടെയും അംഗീകാരം കിട്ടിത്തുടങ്ങിയതുമാണ് ഹാദിയ വിഷയത്തിലുണ്ടായ ഗുണപരമായ മാറ്റമെന്ന് കേളി സാംസ്‌കാരികവേദി പ്രതിനിധി സുബ്രമണ്യന്‍ പറഞ്ഞു.

ഒരു ജനാധിപത്യരാജ്യത്ത് സംഭവിക്കാന്‍ പാടില്ലാത്ത മനുഷ്യാവകാശധ്വംസനത്തിനെതിരെ ജനാധിപത്യപരമായ പ്രതിഷേധമെന്ന നിലയില്‍ എസ് ഡി പി ഐ നടത്തിയ ഹൈക്കോടതി മാര്‍ച്ചിനെ തീവ്രവാദപരമായ പ്രവര്‍ത്തനമായി വ്യാഖ്യാനിക്കുന്നത് അപലപനീയമാണെന്ന് ഇന്‍ഡ്യന്‍ സോഷ്യല്‍ ഫോറം പ്രതിനിധി കബീര്‍ കിളിമംഗലം പറഞ്ഞു.

മതേതരജനാധിപത്യവാദികള്‍ മതവാദികളാകാന്‍ പാടില്ലെന്നും രാജ്യത്തെ ഭരണഘടനയെപ്പറ്റി അവബോധമുള്ളവരും ശാസ്ത്രചിന്തകളുള്ളവരും ആയിരിക്കണമെന്നും എങ്കില്‍ മാത്രമേ ഹാദിയകള്‍ ആവര്‍ത്തിക്കാതിരിക്കുകയുള്ളുവെന്നും വിജയകുമാര്‍ (റിഫ ) പറഞ്ഞു.

അഡ്വ. റജി, ഖമറുണിസ മുഹമ്മദ് (കെ എം സി സി ), നബീല്‍ പയ്യോളി (ആര്‍ ഐ സി സി), ഷെരീഫ് കൂട്ടായി (ആവാസ് ) ഖലീല്‍ പാലോട് (പ്രവാസി സാംസ്‌കാരികവേദി ), ലത്തീഫ് ഓമശ്ശേരി (തനിമ), ഡൊമിനിക് സൈമണ്‍ (ഞഠക ളീൃ ചഞക)െ, സൈനുള്‍ ആബിദ് (എം ഇ എസ് ), റഷീദ് ഖാസിമി (ഇന്‍ഡ്യന്‍ ഫ്രറ്റേര്‍ണിറ്റി ഫോറം ), ജയന്‍ കൊടുങ്ങല്ലൂര്‍ (സത്യം ഓണ്‍ലൈന്‍ ), നിബു മുണ്ടിയപ്പിള്ളി (സെക്രട്ടറി, ജനാധിപത്യ മതേതര വേദി ) എന്നിവരും സംസാരിച്ചു.

ഗോപാല്‍ മേനോന്‍ സംവിധാനം ചെയ്ത ‘ഐ ആം ഹാദിയ’ എന്ന ഡോക്യുമെന്ററി ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.
ജനാധിപത്യ മതേതരവേദിയുടെ ചീഫ് കോ -ഓര്‍ഡിനേറ്റര്‍ ഉബൈദ് എടവണ്ണ സ്വാഗതവും ജോ. സെക്രട്ടറി ഫൈസല്‍ പൂനൂര്‍ നന്ദിയും പറഞ്ഞു.