കോട്ടയം: ഹാദിയ സുരക്ഷിതയെന്ന് ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ. ഹാദിയ തന്നോട് പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും ഹാദിയ സന്തോഷവതിയാണെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ പറഞ്ഞു. ഹാദിയ ചിരിക്കുന്ന മൊബൈലില്‍ പകര്‍ത്തിയ ചിത്രം ഉയര്‍ത്തിക്കാട്ടിയായിരുന്നു വനിതാകമ്മീഷന്‍ അധ്യക്ഷ നിലപാട് വ്യക്തമാക്കിയത്.

ഹാദിയ്ക്ക് യാതൊരുവിധ സുരക്ഷാ ഭീഷണിയുമില്ല. മൂന്ന് പൊലീസുകാര്‍ അവിടെ അവര്‍ക്കൊപ്പമുണ്ട്. ഒരു മണിക്കൂര്‍ ആ വീട്ടില്‍ ചിലവഴിച്ചു. ഹാദിയയുടെ ആരോഗ്യത്തിന് പ്രശ്‌നമൊന്നുമില്ല. ഹാദിയ തടങ്കലിലാണ് എന്ന പ്രചരണം ശരിയല്ല. നവംബര്‍ 27 ആകാന്‍ കാത്തിരിക്കുയാണ് ഹാദിയയെന്നും രേഖാ ശര്‍മ പറയുന്നു.


Dont Miss ‘ദേശവിരുദ്ധ ഉള്ളടക്കം’ കശ്മീരില്‍ പത്രങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പരസ്യവിലക്ക്


കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷം വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്നും കേരളത്തില്‍ നടക്കുന്നത് നിര്‍ബന്ധിത മതപരിവര്‍ത്തനമാണെന്നും രേഖാ ശര്‍മ മാധ്യമങ്ങളോട് പ്രതികരിച്ചു.

നിമിഷ ഫാത്തിമയുടെ അമ്മയേയും രേഖ ശര്‍മ്മ സന്ദര്‍ശിക്കും. ഡി.ജി.പിയുമായും കൂടിക്കാഴ്ച നടത്തുമെന്നും രേഖാ ശര്‍മ്മ പറഞ്ഞു. മൂന്നു ദിവസ സന്ദര്‍ശനത്തിനായാണ് രേഖാ ശര്‍മ കേരളത്തിലെത്തിയത്.

മുന്‍വിധികളൊന്നുമില്ലാതെ വീട്ടിലെത്തി ഹാദിയക്കും കുടുംബത്തിനും പറയാനുള്ളത് കേള്‍ക്കുമെന്നും മാധ്യമ വാര്‍ത്തകളുടേയും ഹാദിയ സംസാരിക്കുന്ന ദൃശ്യങ്ങള്‍ കണ്ടതിന്റെയും അടിസ്ഥാനത്തിലാണ് സന്ദര്‍ശനമെന്നും രേഖ ശര്‍മ പറഞ്ഞിരുന്നു.

തൃപ്പൂണിത്തുറയിലെ യോഗ സെന്ററിലെ പീഡനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഈ വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നായിരുന്നു വനിത കമീഷന്‍ അധ്യക്ഷയുടെ പ്രതികരണം. ആരെങ്കിലും ഇതേക്കുറിച്ച് പരാതി നല്‍കിയാല്‍ പരിഗണിക്കുമെന്നും അവര്‍ അറിയിച്ചിരുന്നു.