തിരുവനന്തപുരം: ഹാദിയ കേസില്‍ കേരള വനിതാകമ്മീഷന്‍ സുപ്രീംകോടതിയെ സമീപിക്കുന്നു. ഹാദിയ അവകാശലംഘനം നേരിടുന്നുവെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് വനിതാകമ്മീഷന്റെ നീക്കം.

ഹാദിയയെ സന്ദര്‍ശിച്ച് വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുളള അംഗീകാരം തേടാനാണ് വനിതാകമ്മീഷന്‍ സുപ്രീംകോടതി വഴി ശ്രമിക്കുന്നത്.

ഹാദിയയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയുളളതിനാല്‍ മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കുമെന്ന് വനിതാകൂട്ടായ്മ ഇന്നലെ വാര്‍ത്താസമ്മേളനം നടത്തി അറിയിച്ചിരുന്നു.


Dont Miss ഇന്ത്യ ദാരിദ്ര്യത്തിനെതിരെ പോരാടുമ്പോള്‍ പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ പോരാടുന്നുവെന്ന് സുഷ്മ സ്വരാജ്


സ്ത്രീപക്ഷ ഇടപെടല്‍ കമ്മീഷന്റെ ദൗത്യമാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു. നിലവിലെ അവസ്ഥയില്‍ സാമൂഹിക സാഹചര്യം കലുഷിതമാകാതിരിക്കാനുളള നീക്കമാണ് വനിതാകമ്മീഷന്‍ നടത്തുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഹാദിയ കടുത്ത അവകാശ ലംഘനം നേരിടുകയാണെന്നും വിഷയത്തില്‍ വനിതാ കമ്മീഷന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് നേരത്തെ തന്നെ വിവിധ സ്ത്രീ പക്ഷ സംഘടനകളും വ്യക്തികളും രംഗത്തെത്തിയിരുന്നു.

ഹാദിയ വീട്ടുതടങ്കലില്‍ കഴിയുകയാണെന്നും അവരുടെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടിരിക്കുകയാണെന്നും അവരെ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തേണ്ടതുണ്ടെന്നും മനുഷ്യാവകാശപ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നു. ഇസ്‌ലാം മതം സ്വീകരിച്ച് മുസ്‌ലീം യുവാവിനെ വിവാഹം ചെയ്ത ഹാദിയയുടെ വിവാഹം നേരത്തെ കോടതി റദ്ദാക്കിയിരുന്നു.