അനിയന്ത്രിത ജനപ്പെരുപ്പത്തിന്റേയും മലിനീകരണത്തിന്റേയും ദുഷ്പ്രഭാവം മൂലം തലപുകഞ്ഞുകൊണ്ടിരിക്കുന്ന ശാസ്ത്രലോകത്തിന് പ്രത്യാശ നല്‍കുന്ന വാര്‍ത്തയാണ് ഇക്കഴിഞ്ഞദിവസം ലഭിച്ചത്. മനുഷ്യന് ജീവിക്കാന്‍ സാധ്യമായ എല്ലാ അനുകൂലഘടകങ്ങളുമുള്ള പുതിയ ഗ്രഹം ‘ഗ്ലൈസ് 581 ജി’ യാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്.

കാലിഫോര്‍ണിയയിലെ ശാസ്ത്രജ്ഞരാണ് പുതിയ ഗ്രഹം കണ്ടുപിടിച്ചെന്ന അവകാശവാദവുമായി രംഗത്തെത്തിയത്. ഭൂമിയില്‍ നിന്നും 14 മില്യണ്‍ അകലെയാണ് പുതിയ ഗ്രഹത്തിന്റെ സ്ഥാനം.

ഭൂമിയേക്കാള്‍ മൂന്നുമടങ്ങ് പിണ്ഡമുള്ള ഗ്രഹത്തില്‍ ആവശ്യത്തിന് ജലവും ലഭ്യമാണെന്നും ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു. ഭൂമിയേക്കാളും 30 ശതമാനം വലുപ്പമുള്ളതാണ് പുതിയ ഗ്രഹം. മൗനകിയയിലെ നിരീക്ഷണകേന്ദ്രത്തിലെ ടെലിസ്‌കോപ്പുകളുപയോഗിച്ചാണ് ഗ്ലൈസ് 581 ജി കണ്ടെത്തിയിരിക്കുന്നത്.

അധികം ചൂടും അധികം തണുപ്പുമില്ലാത്ത അനുയോജ്യമായ കാലാവസ്ഥയാണ് ഗ്ലൈസ് 581 ജിയിലുള്ളത്. ഭൂമിയെപ്പോലെ മനുഷ്യജീവിതം സാധ്യമായ ഗ്രഹങ്ങള്‍ നിരവധിയുണ്ടെന്ന് നേരത്തേ ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടിരുന്നു.

ഇത് സാധൂകരിക്കുന്നതാണ് പുതിയ കണ്ടുപിടുത്തം. എന്നാല്‍ ഗ്രഹത്തെക്കുറിച്ച് നിരീക്ഷണ-പരീക്ഷണങ്ങള്‍ നടത്തുന്നതിന് ഇനിയും 11 വര്‍ഷം എടുത്തേക്കുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. കാലിഫോര്‍ണിയാ സര്‍വ്വകലാശാലയിലെ സ്റ്റീഫന്‍ വോട്ടിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗ്ലൈസ് 581 ജി കണ്ടെത്തിയത്.