എഡിറ്റര്‍
എഡിറ്റര്‍
ഗ്യാരി വരുന്നു ഒരിക്കല്‍ കൂടി
എഡിറ്റര്‍
Tuesday 14th May 2013 11:57am

gyari-kristten

ഡര്‍ബന്‍: 2011 ല്‍ ഇന്ത്യയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച  ദക്ഷിണാഫ്രിക്കക്കാരന്‍ ഗ്യാരി കിര്‍സ്റ്റന്‍ വീണ്ടും ഇന്ത്യയുടെ പരിശീലകനാവാന്‍ വരുന്നു.
ഇപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ കോച്ചായി പ്രവര്‍ത്തിക്കുന്ന കിര്‍സ്റ്റന്‍ ഓഗസ്‌റ്റോടെ സ്ഥാനമൊഴിയുമെന്നാണ് സൂചന ലഭിക്കുന്നത്.

Ads By Google

1983 ല്‍ കപിലിന്റെ ചെകുത്താന്‍മാര്‍ ലോകകപ്പില്‍ മുത്തമിട്ടതിന് ശേഷം, 2011ല്‍ നടന്ന ലോകകപ്പില്‍ ഇന്ത്യയെ കിരീടനേട്ടത്തിലേക്ക് നയിച്ചത് ഗ്യാരി കിര്‍സ്റ്റന്‍ എന്ന പരിശീലകന്റെ മിടുക്കു കൊണ്ടു കൂടിയായിരുന്നു. ലോകകപ്പിന് ശേഷം സ്വന്തം രാജ്യത്തെ പരിശീലിപ്പിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ഗ്യാരി ഇന്ത്യ വിട്ട് പോവുകയായിരുന്നു.

എന്നാല്‍ ഇന്ത്യന്‍ മാജിക്ക് ദക്ഷിണാഫ്രിക്കയില്‍ ആവര്‍ത്തിക്കാന്‍ കിര്‍സ്റ്റന് സാധിച്ചില്ല. അതുകൊണ്ടയിരിക്കാം ഓഗസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ പരിശീലകപ്പണി മതിയാക്കാന്‍ കിര്‍സ്റ്റന്‍ തീരുമാനിച്ചിരിക്കുന്നത്. മറ്റേത് രാജ്യത്തേക്കാളും ഇന്ത്യയെ പരിശീലിപ്പിക്കാനാണ് കിര്‍സ്റ്റന് ഏറെ താല്‍പര്യമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.

കഴിഞ്ഞ സീസണില്‍ ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ടെസ്റ്റ് പരമ്പരകള്‍ തോറ്റ ഇന്ത്യ ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. കോച്ച് ഡങ്കന്‍ ഫ്‌ളച്ചറെ മാറ്റുന്നതിനെക്കുറിച്ച് പോലും ആലോചനകളുണ്ടായിരുന്നു.

എന്നാല്‍ സ്വന്തം നാട്ടില്‍ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരെ നേടിയ തുടര്‍ വിജയങ്ങളോടെ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഫ്ളെച്ചറുടെ കരാര്‍ ഒരുവര്‍ഷത്തേക്ക് നീട്ടിയിരുന്നു.

അടുത്ത നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ നടക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനമാണ് ഇനി ടീം ഇന്ത്യയ്ക്ക് മുന്നിലുള്ള കനത്ത വെല്ലുവിളി.

വിദേശത്തെ റെക്കോര്‍ഡ് മോശമായിരിക്കുന്ന ഇന്ത്യയെ സംബന്ധിച്ച് ദക്ഷിണാഫ്രിക്കയെപ്പോലൊരു ടീമിനെ അവരുടെ നാട്ടില്‍ നേരിടുകയെന്നത് ശരിക്കും പരീക്ഷണം തന്നെയായിരിക്കും.

ഈ അവസരത്തില്‍ ഗ്യാരി കിര്‍സ്റ്റന്‍ പരിശീലകനായി വരാന്‍ തയ്യാറായാല്‍ ഫ്‌ളച്ചറുടെ കരാര്‍ റദ്ദാക്കാന്‍ ബി.സി.സി.ഐ തയ്യാറാകുമെന്നാണ് സൂചന.
ഗ്യാരിയുടെ പരിശീലന മികവില്‍ ഒട്ടേറെ യുവ ഇന്ത്യന്‍ താരങ്ങള്‍ക്ക് തങ്ങളുടെ കഴിവ് പുറത്തെടുക്കാനും, പുതിയ നല്ല കളിക്കാരെ കണ്ടെത്തി കൊണ്ടു വരികയും ചെയ്തിരുന്നു. ഇക്കാരണങ്ങള്‍ കൊണ്ടു തന്നെ ഗ്യാരി ഒരിക്കല്‍ കൂടി ഇന്ത്യന്‍ ക്യാമ്പിലെത്തുമ്പോള്‍ ഏറെ അഹ്ലാദിക്കുക ഇന്ത്യന്‍ യുവ താരങ്ങളായിരിക്കും.

Advertisement