കൊല്‍ക്കത്ത: 148 പേരുടെ ജീവനപഹരിച്ച ജ്ഞാനേശ്വരി എക്‌സ്പ്രസ് ട്രെയിന്‍ അട്ടിമറിക്കേസിലെ പ്രതിയാണെന്നു സംശയിക്കുന്ന മാവോയിസ്റ്റ് നേതാവ് ഉമാകാന്ത് മഹാതോ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. അര്‍ധസൈനിക സേന, സായുധ സുരക്ഷാ സേന, പശ്ചിമ ബംഗാള്‍ പോലിസ് എന്നിവര്‍ ചേര്‍ന്ന് സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിലാണ് മഹാതോ കൊല്ലപ്പെട്ടത്.

ബംഗാളിലെ പശ്ചിമ മിഡ്‌നാപൂര്‍ ജില്ലയിലെ ജാര്‍ഗ്രാമില്‍നിന്ന് 30 കിലോമീറ്ററോളം അകലെ കൊടുംവനത്തില്‍വച്ച് അര്‍ധരാത്രിയാണ് ഏറ്റുമുട്ടലുണ്ടായത്. പുലര്‍ച്ചെ 1.30ന് ആരംഭിച്ച ഏറ്റുമുട്ടല്‍ അഞ്ചുമണിക്കൂറോളം നീണ്ടുനിന്നതായി ഡി.ജി.പി ഭൂപീന്ദര്‍ സിങ് പറഞ്ഞു. സംഭവസ്ഥലത്തുനിന്ന് നിരവധി ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.

പോലിസ് ക്രൂരതയ്‌ക്കെതിരെയുള്ള മാവോയിസ്റ്റുകളുടെ സംഘടനയായ പി.സി.പി.എയുടെ നേതവാണ് ഉമാകാന്ത് മഹാതോ. ജ്ഞാനേശ്വരി ട്രെയിന്‍ അട്ടിമറിക്കേസില്‍ പ്രതിയായ ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് സി.ബി.ഐ ലക്ഷംരൂപ പ്രതിഫലവും പ്രഖ്യാപിച്ചിരുന്നു.
ട്രെയിന്‍ അട്ടിമറിക്കേസില്‍ ബാപി മഹാതോ അടക്കം ഒമ്പതുപേരെ പോലിസ് അറസ്റ്റുചെയ്തിട്ടുണ്ട്. പി.സി.പി.എ നേതാവ് അസിത് മഹാതോ ഒളിവിലാണ്.