ന്യൂദല്‍ഹി: മന്ത്രിസഭാ പുനസ്സംഘടനയില്‍ അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി ഗുരുദാസ് കാമത്ത് രാജിവെച്ചു. ആഭ്യന്തര സഹമന്ത്രിയായിരുന്ന അദ്ദേഹത്തിന് പുനസ്സംഘടനയില്‍ കുടിവെള്ള വകുപ്പാണ് നല്‍കിയിരുന്നത്. ക്യാബിനറ്റ് പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. വൈകീട്ട് നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാതെ കാമത്ത് മുംബൈയിലേക്ക് തിരിക്കുകയായിരുന്നു.

മുബൈയില്‍ നിന്ന് പ്രധാനമന്ത്രിക്കും സോണിയാഗാന്ധിക്കും രാജിക്കത്ത് അയക്കുകയായിരുന്നു. എന്നാല്‍ പുനസ്സംഘടനയില്‍ അതൃപ്തനായല്ല രാജിയെന്നും മഹാരാഷ്ട്രയില്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനാണ് രാജിയെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാതിരുന്നതിനെ തുടര്‍ന്ന് കാമത്തിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി. സഹമന്ത്രിയായി നിയമിതനായ ഒറീസയില്‍ നിന്നുള്ള ശ്രീകാന്ത് ജനയും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തിട്ടില്ല.

അതേസമയം പുതിയ 11 മന്ത്രിമാര്‍ വൈകീട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ നിയുക്തമന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

വനംപരിസ്ഥിതി വകുപ്പിന്റെ ചുമതലയില്‍ നിന്ന് മാറ്റി ജയറാം രമേശിന് ക്യാബിനറ്റ് പദവിയോടെ ഗ്രാമവികസന വകുപ്പ് നല്‍കി. കോണ്‍ഗ്രസ് വക്താവ് ജയന്തി നടരാജനാണ് പുതിയ വനംപരിസ്ഥിതി മന്ത്രി. വീരപ്പ മൊയ്‌ലിയില്‍ നിന്നും നിയമവകുപ്പ് എടുത്ത് മാറ്റി സല്‍മാന്‍ ഖുര്‍ഷിദിന് നല്‍കി.

തൃണമൂല്‍ കോണ്‍ഗ്രസിലെ ദിനേശ് ചധുര്‍വേദിയെ റയില്‍വേ മന്ത്രിയാക്കി ചുമതലയേറ്റു. ധനകാര്യം, പ്രതിരോധം, ആഭ്യന്തരം, വിദേശകാര്യം എന്നീ വകുപ്പുകള്‍ക്ക് മാറ്റമില്ല. വിദേശകാര്യസഹമന്ത്രി ഇ. അഹമ്മദിന് മാനവവിഭവ വകുപ്പിന്റെ അധിക ചുമതല കൂടി നല്‍കി. ബി.കെ. ഹാന്‍ഡിക്, ഡോ. എം.എസ് ഗില്‍, മുരളി ദേവ്‌റ, കാന്തിലാല്‍ ബുറിയ, എ.സായി പ്രതാപ്, അരുണ്‍ എസ്. യാദവ് എന്നിവര്‍ക്കാണ് മന്ത്രി സ്ഥാനം നഷ്ടമായത്. ദയാനിധി മാരന്‍ നേരത്തെ രാജിവെച്ചിരുന്നു.

മന്ത്രിമാര്‍ വകുപ്പുകള്‍ എന്നീക്രമത്തില്‍(സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാര്‍) : ശ്രീകാന്ത് ജെന (സ്റ്റാറ്റിസ്റ്റിക്‌സ് , വളം രാസവസ്തു), ജയന്തി നടരാജന്‍ (വനം പരിസ്ഥിതി വകുപ്പ്), പബന്‍ സിങ് ഗഗോവര്‍ (വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍), ഗുരുദാസ് കമ്മത്ത് (കുടിവെള്ളം, മാലിന്യ നിര്‍മാര്‍ജ്ജനം).

(സഹമന്ത്രമാര്‍)ചരണ്‍ദാസ് മഹന്ദ് ( കൃഷി, ഭക്ഷ്യസംസ്‌കരണം), ജിതേന്ദ്ര സിംഗ് (ആഭ്യന്തരം), മിലിന്ദ് ദേവ്‌റ (വാര്‍ത്താവിനിമയം, ഐ.ടി), സുദീപ് ബന്ദോബാദ്ധ്യ ( ആരോഗ്യം, കുടുംബക്ഷേമം), രാജീവ് ശുക്ല (പാര്‍ലമെന്ററി അഫയേഴ്‌സ്) .

(വകുപ്പുകളില്‍ മാറ്റം വന്ന മന്ത്രമാര്‍)വിലാസ് റാവു ദേശ്മുഖ് (സയന്‍സ് ആന്‍ഡ് ടെക്‌നോളജി), വീരപ്പ മൊയ്‌ലി (കോര്‍പ്പറേറ്റ് അഫയേഴ്‌സ്), ആനന്ദ് ശര്‍മ (കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി, ടെക്‌സ്‌റ്റൈല്‍), പവന്‍ കുമാര്‍ (ബന്‍സല്‍ പാര്‍ലമെന്ററി അഫയേഴ്‌സ്) സല്‍മാന്‍ ഖുര്‍ഷിദ് (നിയമം, ന്യൂനപക്ഷകാര്യം).

(വകുപ്പുകളില്‍ മാറ്റം വന്ന സഹമന്ത്രമാര്‍)സഹമന്ത്രിമാരായ ഇ. അഹമ്മദ് (വിദേശകാര്യം, മാനവവിഭവശേഷി വികസനം), വി.നാരായണ സ്വാമി (പ്രധാനമന്ത്രിയുടെ ഓഫിസ്, പേഴ്‌സണല്‍), ഹരിഷ് റാവത്ത് (കൃഷി, ഭക്ഷ്യസംസ്‌കരണം), മുകുല്‍ റോയ് (കപ്പല്‍ ഗതാഗതം), അശ്വനി കുമാര്‍ (പ്ലാനിങ്, സയന്‍സ് ആന്‍ഡ് ടെക്‌നോളജി).