കന്‍സാസ് സിറ്റി: അമേരിക്കയില്‍ അക്രമികളുടെ വെടിയേറ്റ് ഇന്ത്യക്കാരന്‍ ഗുര്‍പ്രീത് സിങ്ങ്(35) മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ജോലി കഴിഞ്ഞു മടങ്ങാനൊരുങ്ങുമ്പോഴാണ് വെടിയേറ്റത്. ഈ സമയത്ത് സ്ഥലത്തെത്തിയ അക്രമികള്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ചത് ഗുര്‍പ്രീത് തടഞ്ഞപ്പോള്‍ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പ് സ്ഥാപനത്തിലെ കാമറയില്‍ പതിഞ്ഞിട്ടുണ്ട്.

മൂന്നു പേരുള്ള സംഘമാണ് അക്രമം നടത്തിയത്. ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയവരാണ് ഗുര്‍പ്രീതിന്റെ കുടുംബം. വെടിയേറ്റ ഉടനെ ഗുര്‍പ്രീത് തന്നെയാണ് പോലീസിനെ വിളിച്ചത്. കുഴഞ്ഞ് വീണ ഇദ്ദേഹത്തെ പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.