എഡിറ്റര്‍
എഡിറ്റര്‍
പഞ്ച്കുളയില്‍ നിന്ന് വീട്ടിലേക്ക് തിരിച്ചുപോകണമെന്ന് അനുയായികളോട് രാം റഹീം സിങ്
എഡിറ്റര്‍
Friday 25th August 2017 8:57am

ന്യൂദല്‍ഹി: അനുയായികളോട് സമാധാനം നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് സിഖ് വിഭാഗമായ ദേരാ സച്ചാ സൗദിയുടെ ആത്മീയ നേതാവും സ്വയം പ്രഖ്യാപിത ആള്‍ദൈവവുമായ ഗുര്‍മീത് രാം റഹീം സിങ്. വ്യാഴാഴ്ച രാത്രി ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

‘നിയമത്തെ ആദരിക്കുന്നെന്നും അതിനാല്‍ കോടതിയില്‍ ഹാജരാകും’ എന്നും അദ്ദേഹം അറിയിച്ചു. പഞ്ച്കുളയില്‍ കൂടിനിന്ന അനുയായികളോട് വീട്ടിലേക്ക് തിരിച്ചുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച രണ്ടരയോടെ ഇദ്ദേഹത്തിനെതിരായ ബലാത്സംഗക്കേസില്‍ വിധിവരുമെന്നാണ് റിപ്പോര്‍ട്ട്. വിധി വരാനിരിക്കെ പഞ്ചാബിലും ഹരിയാനയിലും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

വെള്ളിയാഴ്ച വിധി വരുമെന്ന പ്രഖ്യാപനം വന്നതിനു പിന്നാലെ കഴിഞ്ഞ മൂന്നുദിവസമായി പഞ്ച്കുളയില്‍ ഗുര്‍മീതിന്റെ രണ്ടുലക്ഷത്തോളം വരുന്ന അനുയായികള്‍ സംഘടിച്ച് എത്തിയിരുന്നു. ഇതേത്തുടര്‍ന്ന് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. സുരക്ഷാ മുന്‍കരുതലിന്റെ ഭആഗമായി ഹരിയാനയില്‍ 72 മണിക്കൂര്‍ മൊബൈല്‍ ഇന്റര്‍നെറ്റ് നിരോധിച്ചിട്ടുണ്ട്.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് 28 ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. ഛണ്ഡീഗഢിലും പഞ്ച്കുളയിലും സ്‌കൂളുകളും ഷോപ്പുകളുമെല്ലാം അടച്ചിട്ടിരിക്കുകയാണ്.

റാം റഹീം സിങ് രണ്ട് അനുയായികളെ ബലാത്സംഗം ചെയ്തതെന്ന ഊമക്കത്ത് പ്രചരിച്ചതിന്റെ പേരില്‍ 2012ല്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതി ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

Advertisement