ബെര്‍ലിന്‍: ഇസ്രായേല്‍ ലോക സമാധാനത്തിന് ഭീഷണിയാണെന്ന് വ്യക്തമാക്കി ജര്‍മന്‍ സാഹിത്യകാരനും നോബല്‍ സമ്മാന ജേതാവുമായ ഗുന്ദര്‍ ഗ്രാസിന്റെ കവിത. ‘പറയാനുള്ളത് പറഞ്ഞേ പറ്റൂ’ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച കവിതയ്‌ക്കെതിരെ ഇസ്രായേലില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

യുഎസില്‍ ന്യൂയോര്‍ക്ക് ടൈംസും, റോമില്‍ ലാ റിപ്ലബ്ലിക്കയും, ജര്‍മനിയില്‍ ന്യൂസ് ഡോയിഷെ പത്രവും ഒരേ സമയം കവിത പ്രസിദ്ധീകരിച്ചു. അറുപത് വരികളിലായാണ് കവിത. ഇറാന്‍ അണുബോംബ് നിര്‍മ്മിക്കുന്നതാണ് ഇസ്രായേലിനെ വിറളി പിടിപ്പിക്കുന്നത്. യുദ്ധത്തിനായി അവര്‍ ഇറാന്റെ മേല്‍ കുറ്റം ആരോപിക്കുകയാണ്.

യുദ്ധക്കൊതിയന്‍മാരായ ഇസ്രയേലിനെ ജര്‍മനി പിന്താങ്ങുന്നത് ദുഖകരമാണെന്നും കവിതയില്‍ പറയുന്നു. ഇസ്രയേലിന് ജര്‍മന്‍ അന്തര്‍വാഹിനി നല്‍കാനുള്ള നീക്കം ഇതിന് തെളിവാണെന്ന് ഗ്രാസ് കവിതയില്‍ സമര്‍ഥിക്കുന്നു. ഇറാന്റെ ആണവ പദ്ധതി നിയന്ത്രിക്കുന്നതിനൊപ്പം ഇസ്രായേല്‍ ആണവ ശേഷിയും നിയന്ത്രിക്കുന്നതിന് ഒരു അന്താരാഷ്ട്ര ബോഡി വേണമെന്നും ഗ്രാസ് പറയുന്നു.

കവിതയുടെ പേരില്‍ വന്‍ വിമര്‍ശനങ്ങളാണ് ജര്‍മനിയിലും ഇസ്രയേലിലും ഗ്രാസ് ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. ബുദ്ധിജീവികള്‍ സംഭവത്തില്‍ മൗനം പാലിക്കുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്.

വിഖ്യാത ജര്‍മന്‍ നോവലിസ്റ്റും നാടകകൃത്തുമായ ഗുന്തര്‍ ഗ്രാസ് കവി, ശില്‍പി, ചിത്രകാരന്‍ എന്നീ നിലകളിലും പ്രശസ്തനാണ്. രണ്ടാം ലോകയുദ്ധാനന്തരമുള്ള ദേശീയ അപരാധബോധത്തിന്റെ സ്വാധീനം പ്രകടമാകുന്ന അദ്ദേഹത്തിന്റെ കൃതികള്‍ സാധാരണ വിചിത്രരൂപത്തിലുള്ള രചനാഘടകവും ശക്തമായ ധാര്‍മിക ഉള്ളടക്കവും ഉള്ളവയാണ്. ലോക്കല്‍ അനസ്തിറ്റിക്, ദ ഫഌര്‍, ദ പ്ലബിയന്‍സ് റമോര്‍സ് ദി അപ്‌റൈസിങ് തുടങ്ങിയവയാണ് ഗുന്ദര്‍ ഗ്രാസിന്റെ പ്രധാന കൃതികള്‍.

Malayalam News

Kerala News in English