ചെന്നൈ: തമിഴ്‌നാട്ടില്‍ രാമനാഥപുരത്ത് ജനക്കൂട്ടത്തിന് നേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ മൂന്ന് പേര്‍ മരിച്ചു. ജോണ്‍ പാണ്ഡ്യന്‍ എന്ന ദളിത് നേതാവിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് വെടിവെപ്പില്‍ കലാശിച്ചത്.

ഇമ്മാനുവല്‍ ശേഖരന്‍ എന്ന ദളിത് നേതാവിന്റെ 55ാം പിറന്നാള്‍ ആഘോഷം നടത്താനായി ഞായറാഴ്ച രാമനാഥപുരം ജില്ലയിലെ കമുദി, പരമക്കുടി എന്നിവിടങ്ങളില്‍ വിവിധ ദളിത് സംഘടനകള്‍ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇതില്‍ പരമക്കുടിയിലെ പരിപാടിയില്‍ പങ്കെടുക്കാനായി വരികയായിരുന്ന തമിഴക മക്കള്‍ മുന്നേറ്റ കഴകം പ്രസിഡന്റ് ജോണ്‍ പാണ്ഡ്യനെ തിരുനെല്‍വേലിയില്‍ നിന്ന് മധുരയിലേക്ക് വരുന്ന വഴി പൊലീസ് അറസ്റ്റുചെയ്തതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്.

പാണ്ഡ്യന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് അനുയായികള്‍ പരമക്കുടിയില്‍ റോഡിലിറങ്ങി ഗതാഗതം തടസ്സപ്പെടുത്തി. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ എത്തിയ പൊലീസിന് നേരെ കല്ലേറുണ്ടാവുകയും രണ്ട് പൊലീസ് വാഹനങ്ങള്‍ തീവെച്ച് നശിപ്പിക്കുകയും ചെയ്തു. അക്രമാസക്തമായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചെങ്കിലും ഫലമുണ്ടായില്ല. കല്ലേറില്‍ ഡിഐജി സന്ദീപ് നിക്കല്‍, ഒരു എസ്.ഐ, ഏതാനും പൊലീസുകാര്‍ എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തുടര്‍ന്നാണ് വെടിവെപ്പുണ്ടായത്.

സംഭവത്തെ തുടര്‍ന്ന് മധുരയുടെ പല ഭാഗങ്ങളിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. മധുര റിങ് റോഡിലും പ്രക്ഷോഭകര്‍ക്ക് നേരെ പൊലീസ് വെടിവെയ്പ്പുണ്ടായി. ഇതില്‍ ജയപ്രസാദ് (19), ബാലകൃഷ്ണന്‍ (19) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവിടെ ജനക്കൂട്ടം പത്തോളം സര്‍ക്കാര്‍ ബസ്സുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തിട്ടുണ്ട്.