ലക്‌നൗ: തീവ്രവാദ ആരോപണങ്ങളുടെ പേരില്‍ 16വര്‍ഷം ജയിലില്‍ കഴിയേണ്ടി വന്ന അലിഖഢ് മുസ്‌ലിം സര്‍വ്വകലാശാലയിലെ മുന്‍ അധ്യാപകന് യു.പി സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി. ബാരാബങ്കി കോടതിയുടേതാണ് ഉത്തരവ്.

ജയിലില്‍ കഴിഞ്ഞ കാലയളവില്‍ അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് ലഭിക്കാവുന്ന ശരാശരി ശമ്പളം നഷ്ടപരിഹാരമായി നല്‍കണമെന്നാണ് കോടതി നിര്‍ദേശിച്ചത്. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരുടെ അശ്രദ്ധയുടെ ഇരയാണ് അദ്ദേഹമെന്നു വിലയിരുത്തിയാണ് കോടതി നഷ്ടപരിഹാരം വിധിച്ചത്. യു.പി സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ വാനിക്ക് അലഹബാദ് ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി നിര്‍ദേശിച്ചു.


Also Read: ‘ഉയരങ്ങളില്‍ എത്തുമ്പോള്‍ ചവിട്ടി നിന്ന മണ്ണിനെ മറക്കരുത്’ സുരേഷ് ഗോപിക്ക് ശ്രീധരന്‍ പിള്ളയുടെ പരസ്യവിമര്‍ശനം


ഉദ്യോഗസ്ഥര്‍ ഖജനാവിനു വരുത്തിയ നഷ്ടത്തിന്റെ ഉത്തരവാദികള്‍ യു.പി സര്‍ക്കാറാണെന്നും കേസന്വേഷണത്തിലുണ്ടായ അശ്രദ്ധയാണ് സാമ്പത്തിക നഷ്ടത്തിനു വഴിവെച്ചതെന്നും കോടതി നിരീക്ഷിച്ചു.

വാനിയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അുമതി ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ടായിരുന്നില്ല. കൂടാതെ അദ്ദേഹത്തിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചതില്‍ കൃത്യവിലോപമുണ്ടായെന്നും വാനിയുടെ ശാരീരിക സ്വാതന്ത്ര്യം ലംഘിച്ചും അദ്ദേഹത്തെ ശാരീരികമായും മാനസികമായും ദ്രോഹിച്ചുമാണ് അന്വേഷണ സംഘം മുന്നോട്ടുപോയതെന്നും കോടതി വിലയിരുത്തി.

2001 ജനുവരി 30ന് അറസ്റ്റിലാവുന്ന വേളയില്‍ വാനി അലിഖഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയില്‍ അറബിക്കില്‍ പി.എച്ച്.ഡി ചെയ്യുകയായിരുന്നു. 2000ത്തിലെ സബര്‍മതി എക്‌സ്പ്രസ് സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തെ അറസ്റ്റു ചെയ്തത്.


Don’t Miss: ‘ അതുകൊണ്ട് ആരോഗ്യമന്ത്രീ, ഒരു മിന്നല്‍ സന്ദര്‍ശനം നടത്തണം കോഴിക്കോട് മെഡിക്കല്‍ കോളജില്‍, രക്തദാതാവായി’ കെ.കെ ശൈലജക്ക് മാധ്യമപ്രവര്‍ത്തകന്റെ തുറന്ന കത്ത് 


സ്‌ഫോടനം ആസൂത്രണം ചെയ്തത് വാനിയും മൊഹമ്മദ് അബ്ദുല്‍ മൊബീനുമാണെന്ന് ആരോപിച്ചായിരുന്നു പൊലീസ് ഇരുവരെയും അറസ്റ്റു ചെയ്തത്. എന്നാല്‍ ഇവര്‍ ഗൂഢാലോചനയില്‍ പങ്കെടുത്തു എന്നു തെളിയിക്കുന്ന യാതൊരു തെളിവും പൊലീസിന് കണ്ടെത്താനായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇവരെ കുറ്റവിമുക്തരാക്കിയത്.