അഹമ്മദാബാദ്: ‘ഗോഡ് ഈസ് ഗ്രേറ്റ്'(ദൈവം മഹാനാണ്), ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഗുല്‍ബര്‍ഗ് സൊസൈറ്റി കേസിലെ സുപ്രീം കോടതി വിധിയോടുള്ള പ്രതികരണം ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ഈ മൂന്ന് വാക്കുകളിലൊതുക്കി. വിധി വന്നതിനു ശേഷം ട്വിറ്ററിലൂടെയാണ് മോഡി ഇങ്ങിനെ പ്രതികരിച്ചത്.

ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ പങ്കിനെക്കുറിച്ച് വിചാരണക്കോടതിക്ക് തീരുമാനമെടുക്കാമെന്ന് തിങ്കളാഴ്ച സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. മുന്‍ കോണ്‍ഗ്രസ് എം.പി.എഹ്‌സാന്‍ ജഫ്രിയുടെ ഭാര്യസാഖിയ ജഫ്രിയാണ് തന്റെ ഭര്‍ത്താവിന്റെയും മറ്റുള്ളവരുടെയും മരണത്തിനിടയാക്കിയ 2002ലെ ഗുല്‍ബര്‍ഗ് സെസൈറ്റി കൂട്ടക്കൊലക്കേസില്‍ മോഡിക്കും 63 പേര്‍ക്കുമെതിരെ സുപ്രീം കോടതിയില്‍ കേസ് നല്‍കിയത്.

സുപ്രീം കോടതിയുടെ വിധി അറുപതുകാരനായ ബി.ജെ.പി നേതാവിന് ആശ്വാസം പകരുന്നതായിരുന്നെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.. ഇത് മോഡിയുടെ ട്വിറ്റര്‍ മെസേജിലും പ്രതിഫലിച്ചു.