അഹമ്മദാബാദ്: 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസ് അന്വേഷണ റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു. സുപ്രീംകോടതി നിര്‍ദേശിച്ചപ്രകാരം അഹമ്മദാബാദ് മജിസ്‌ട്രേറ്റ് കോടതിയില്‍ സീല്‍വെച്ച കവറില്‍ ബുധനാഴ്ചയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്കെതിരെ ശക്തമായ തെളിവുകളൊന്നും തന്നെ കണ്ടെത്താന്‍ സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ എസ്.ഐ.ടി ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.

ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസില്‍ മോഡിയുടെ പങ്ക് സംബന്ധിച്ച തുടരന്വേഷണത്തില്‍ വിചാരണക്കോടതിക്ക് തീരുമാനമെടുക്കാമെന്നായിരുന്നു സുപ്രീംകോടതി നിലപാട്. കൊലചെയ്യപ്പെട്ട മുന്‍ കോണ്‍ഗ്രസ് എം.പി എഹ്‌സാന്‍ ജഫ്രിയുടെ ഭാര്യ സാഖിയ ജഫ്രി സമര്‍പ്പിച്ച ഹരജിയിലായിരുന്നു കോടതി വിധി. ഇതനുസരിച്ചാണ് എസ്.ഐ.ടി വിചാരണക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഗുല്‍ബര്‍ഗ് ഹൗസിംഗ് സൊസൈറ്റി കലാപത്തില്‍ കൊലചെയ്യപ്പെട്ട 69 പേരില്‍ ഒരാളായിരുന്നു എഹ്‌സാന്‍ ജഫ്രി. മോഡിയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പോലീസും ഉള്‍പ്പെട്ട ഗൂഢാലോചനയാണ് കലാപത്തിനു പിന്നിലെന്ന ജഫ്രിയുടെ പരാതിയെത്തുടര്‍ന്ന് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനായി ആര്‍.കെ രാഘവന്റെ നേതൃത്വത്തിലുള്ള സംഘത്തെ സുപ്രീംകോടതി ചുമതലപ്പെടുത്തുകയായിരുന്നു. എന്നാല്‍ ഈ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നരേന്ദ്രമോഡിക്കെതിരെ പരാമര്‍ശങ്ങളുണ്ടായിരുന്നില്ല.

രാഘവന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകരിക്കുന്നതിന് പകരം മോഡിയെ പ്രതി ചേര്‍ക്കുന്നതിന് തെളിവുണ്ടോ എന്ന് പരിശോധിച്ച് മറ്റൊരു റിപ്പോര്‍ട്ട് നല്‍കാന്‍ രാജു രാമചന്ദ്രനെ അമിക്കസ് ക്യുറിയായി സുപ്രീംകോടതി നിയോഗിക്കുകയായിരുന്നു. മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കെതിരായ നിയമനടപടിക്ക് തെളിവില്ലെന്ന ആര്‍.കെ രാഘവന്റെ കണ്ടെത്തലിന് വിരുദ്ധമായിട്ടാണ് രാജു രാമചന്ദ്രന്‍ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് ഗുജറാത്ത് ഹൈക്കോടതി രംഗത്തെത്തിയ അതേദിവസം തന്നെയാണ് എസ്.ഐ.ടി റിപ്പോര്‍ട്ടും കോടതിയിലെത്തുന്നത്. മോഡി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ നിഷ്‌ക്രിയത്വമാണ് വലിയതോതില്‍ കലാപം പടരാന്‍ കാരണമായതെന്ന് കോടതി കുറ്റപ്പെടുത്തിയിരുന്നു. കലാപത്തില്‍ തകര്‍ന്ന അഞ്ഞൂറിലേറെ മതസ്ഥാപനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് ഗുജറാത്ത് ഇസ് ലാമി റിലീഫ് കമ്മിറ്റി നല്‍കിയ ഹരജി പരിഗണിക്കവെയായിരുന്നു കോടതി വിമര്‍ശനം.

Malayalam News

Kerala News in English