ഗുജറാത്ത്: 2002ലെ ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട് ആദ്യമായി മുഖ്യമന്ത്രി നരേന്ദ്രമോഡി അന്വേഷണ നടപടികളെ നേരിടുന്നു. കലാപ സമയത്ത് നടന്ന ഗുല്‍ബര്‍ഗ കൂട്ടക്കൊലക്കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ മോഡി ഹാജരാകുമെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് 21ന് മുമ്പ് ഹാജരാകണമെന്ന് കാണിച്ച് പ്രത്യേക അന്വേഷണ സംഘം നേരത്തെ മോഡിക്ക് നോട്ടീസ് അയച്ചിരുന്നു.

2002 ഫെബ്രുവരി 28ന് ഗുല്‍ബര്‍ഗ ഹൗസിങ് സൊസൈറ്റിയില്‍ താമസിക്കുന്ന കോണ്‍ഗ്രസ് മുന്‍ എം പി ഇഹ്‌സാന്‍ ജാഫ്രി ഉള്‍പ്പെടെയുള്ളവരെ കൊലപ്പെടുത്തിയ കേസില്‍ മകള്‍ സകിയാ ജാഫ്രി നല്‍കിയ പരാതിയെ തുടര്‍ന്നാണ് മോഡിക്കെതിരെ അന്വേഷണം. സംഭവത്തില്‍ 69 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Subscribe Us:

സുപ്രീം കോടതിയില്‍ നല്‍കിയ പരാതിപ്രകാരം മോഡി ഉള്‍പ്പെടെ 61 ഓളം പ്രതികള്‍ക്കെതിരെ അന്വേണം നടക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്ന നിലയില്‍ മതത്തിന്റെയോ മറ്റോ പേരില്‍ സംസ്ഥാനത്ത് നടക്കുന്ന അവകാശ ലംഘനങ്ങള്‍ക്കും അക്രമങ്ങള്‍ക്കും മോഡിക്ക് ഉത്തരവാദിത്വമുണ്ടെന്ന് പരാതിയില്‍ ജാഫ്രി ചൂണ്ടിക്കാട്ടുന്നു. കലാപ സമയത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് കലാപകാരികളെ തടയരുതെന്ന് മോഡി നിര്‍ദേശം നല്‍കി. മോഡിയുടെ നിര്‍ദേശപ്രകാരം പോലീസ് ഉദ്യോഗസ്ഥര്‍ നാനവതി കമ്മീഷന് മുമ്പാതെ സത്യവാങ്മൂലം നല്‍കാന്‍ തയ്യാറായില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്.