എഡിറ്റര്‍
എഡിറ്റര്‍
ഐ.പി.എല്‍ ലേലം; 85 ലക്ഷത്തിന് മലയാളി താരം ബേസില്‍ തമ്പി ഗുജറാത്ത് ലയണ്‍സിലേക്ക്
എഡിറ്റര്‍
Monday 20th February 2017 12:28pm

മുംബൈ: സഞ്ജു.വി.സാംസണും സച്ചിന്‍ ബേബിയ്ക്കും പിന്നാലെ മറ്റൊരു മലയാളി താരം കൂടി ഐ.പി.എല്‍ ലേലത്തില്‍ നേട്ടം കൊയ്യുന്നു. മലയാളിയായ ബേസില്‍ തമ്പിയെ ഗുജറാത്ത് ലയണ്‍സ് സ്വന്തമാക്കി. 85 ലക്ഷത്തിനാണ് ബേസിലിനെ ഗുജറാത്ത് ടീം സ്വന്തമാക്കിയത്.

ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്ക്‌സിനെ വമ്പന്‍ തുകയ്ക്ക് സ്വന്തമാക്കി റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സ്. 14.5 കോടിയ്ക്കാണ് താരത്തെ പൂനെ ലേലത്തില്‍ പിടിച്ചത്.

ബെന്‍ ഒരു കംപ്ലീറ്റ് പ്ലെയറാണ്. അദ്ദേഹം എത്തുന്നതോടെ ഞങ്ങളുടെ ടീം സമ്പൂര്‍ണ്ണമാകും. അദ്ദേഹത്തെ പോലൊരു താരത്തെയാണ് ഞങ്ങളുടെ ടീമിന് ആവശ്യം. ടീം ഉടമയായ സഞ്ജീവ് ഗോയങ്ക പറയുന്നു. ഞങ്ങള്‍ക്ക് ഒരുപാട് ഹീറോമാരുണ്ട്, പക്ഷെ ഇതാണ് ഞങ്ങള്‍ തേടിയ ഹീറോ. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലണ്ടിന്റെ ഏകദിന ക്യാപ്റ്റനായ ഇയാന്‍ മോര്‍ഗനെ രണ്ട് കോടിയ്ക്കാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയത്. അതേ തുകയ്ക്ക് തന്നെയാണ് എഞ്ചലോ മാത്യൂസിനെ ഡെല്‍ഹി ഡെയര്‍ഡെവിള്‍സും സ്വന്തമാക്കിയത്.

കഴിഞ്ഞ സീസണില്‍ 8.5 കോടിയുടെ റെക്കോര്‍ഡ് തുകയ്ക്ക് ഡെയര്‍ഡെവിള്‍സ് കരസ്ഥമാക്കിയ പവന്‍ നേഗിയെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നേടിയത് ഒരു കോടിയ്ക്കാണ്. കഴിഞ്ഞ സീസണിലെ മോശം പ്രകടനമാണ് നേഗിയ്ക്ക് തിരിച്ചടിയായത്.


Also Read: മുന്നില്‍ നിന്ന് ഇളിച്ച് കാണിച്ച് പിന്നില്‍ നിന്ന് കുത്തരുത് ; നടിക്കെതിരായ ആക്രമണത്തില്‍ പ്രതികരണവുമായി കൃഷ്ണപ്രഭ


അതേസമയം, പ്രമുഖ താരങ്ങളായ മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ജേസണ്‍ റോയ്, റോസ് ടെയ്‌ലര്‍, അലക്‌സ് ഹെയ്ല്‍സ്, ക്രിസ് ജോര്‍ദാന്‍ എന്നിവരെ വാങ്ങാന്‍ ആരും തയ്യാറായില്ല. ഇന്ത്യന്‍ താരങ്ങളായ ഇര്‍ഫാന്‍ പഠാനേയും ഇശാന്ത് ശര്‍മ്മയേയും വാങ്ങാന്‍ ആളില്ലാതായത് ക്രിക്കറ്റ് പ്രേമികളെ അമ്പരിപ്പിച്ചിട്ടുണ്ട്.

ഐ.പി.എല്ലില്‍ കളിക്കുന്ന ആദ്യ അഫ്ഗാനിസ്ഥാന്‍ താരമെന്ന ബഹുമതിയ്ക്ക് മുഹമ്മദ് നബി അര്‍ഹനായി. മുപ്പത് ലക്ഷത്തിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് താരത്തെ സ്വന്തമാക്കിയത്. ബാംഗ്ലൂരില്‍ ലേലം പുരോഗമിച്ച് വരികയാണ്.

Advertisement