അഹമ്മദാബാദ്: ഗോഹത്യക്കും ബീഫ് കടത്തിനും ജീവപര്യന്തം തടവുശിക്ഷ ഏര്‍പ്പെടുത്തുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. ജുനഗഢ് ജില്ലയിലെ വന്താലി നഗരത്തില്‍ സ്വാമിനാരായണ്‍ ഗുരുകുലത്തില്‍ ഒത്തുകൂടിയവരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

2011ല് പശുക്കളെ സംരക്ഷിക്കാനെന്നു പറഞ്ഞ് ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാര്‍ നിയമം കൊണ്ടുവന്നിട്ടുണ്ടെന്നും അത് കൂടുതല്‍ കര്‍ശനമാക്കുമെന്നുമാണ് രൂപാണി പറഞ്ഞത്.

‘ഗുജറാത്തില്‍ പശുക്കളെ സംരക്ഷിക്കാന്‍ സുപ്രീം കോടതി നിയമം കൊണ്ടുവരുന്നതുവരെ ഈ കേസില്‍ ഞങ്ങള്‍ പൊരുതി. ഇനി ഈ നിയമം കൂടുതല്‍ കര്‍ശനമാക്കണം. അതിനായി അടുത്തയാഴ്ച ആരംഭിക്കുന്ന ഗുജറാത്ത് നിയമസഭയുടെ ബജറ്റ് സെഷനില്‍ ബില്‍ കൊണ്ടുവരും.’ അദ്ദേഹം പറഞ്ഞു.


Also Read: സിയാച്ചിനില്‍ ഡ്യൂട്ടിയിലായിരുന്ന സൈനികന്‍ നോട്ട് നിരോധനം അറിയുന്നത് കഴിഞ്ഞ ദിവസം; ബാങ്കിലെത്തിയപ്പോള്‍ നോട്ട് മാറാനാവില്ലെന്ന് റിസര്‍വ് ബാങ്ക്


‘ഗോഹത്യ നടത്തുന്നവരെയും ബീഫ് കടത്തുന്നവരെയും ജീവപര്യന്തം തടവിനു ശിക്ഷിക്കാനുള്ള ചട്ടം ബില്ലില്‍ കൊണ്ടുവരും. ഇവരുടെ വാഹനങ്ങള്‍ എന്നെന്നേക്കുമായി പിടിച്ചെടുക്കും.’ അദ്ദേഹം വ്യക്തമാക്കി.

നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2011ല്‍ ഗോഹത്യ പൂര്‍ണായി നിരോധിക്കുകയും ബീഫ് വില്‍പ്പനയും കടത്തും നിരോധിക്കുകയും ചെയ്തിരുന്നു. 1954ലെ ഗുജറാത്ത് മൃഗ സംരക്ഷണ നിയമം ഭേദഗതി നടത്തിയായിരുന്നു നിരോധനം ഏര്‍പ്പെടുത്തിയത്.

ഈ നിയമപ്രകാരം ഗോഹത്യയും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 50,000 പിഴയും ഏഴുവര്‍ഷം തടവും ലഭിക്കും. ഈ നിയമം കൂറേക്കൂടി കര്‍ശനമാക്കുമെന്നാണ് രൂപാനി അറിയിച്ചിരിക്കുന്നത്.