എഡിറ്റര്‍
എഡിറ്റര്‍
ഗുജറാത്ത് വംശഹത്യയ്ക്ക് നേതൃത്വം നല്‍കിയ അശോക് മോച്ചിയും വംശഹത്യയിലെ ഇര കുത്തുബ്ദീന്‍ അന്‍സാരിയും ഒന്നിച്ചെത്തുന്നു
എഡിറ്റര്‍
Monday 3rd March 2014 10:35am

gujrat-riot

കണ്ണൂര്‍: ഗുജറാത്ത് വംശഹത്യയുടെ ഭീകരതയും ഇരകളുടെ അരക്ഷിതാവസ്ഥയും വെളിപ്പെടുത്തിയ കുത്തുബ്ദീന്‍ അന്‍സാരിയും വംശഹത്യയ്ക്ക് നേതൃത്യം നല്‍കിയ അശോക് മോച്ചിയും തളിപ്പറമ്പിലെത്തുന്നു.

18 സാംസ്‌കാരിക സംഘടനകള്‍ ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഗുജറാത്ത് വംശഹത്യയുടെ വ്യാഴവട്ടം സെമിനാറിലാണ് ഇരുവരും എത്തുന്നത്.

സെമിനാറില്‍ മതേതരത്വത്തിന്റെയും മാനവികതയുടെയും ആവശ്യകതയെക്കുറിച്ച് രണ്ടുപേരും സംസാരിക്കും.

പ്രശസ്ത ഉറുദു കവിയും വംശഹത്യയിലെ ഇരയുമായ കലീം സിദ്ദിഖിയും ഇവര്‍ക്കൊപ്പമുണ്ടാവും.

ഗുജറാത്ത് വംശഹത്യ നടന്ന സമയത്ത്  കൊലക്കത്തിയിക്കു മുന്‍പില്‍ ജീവന് വേണ്ടി കൂപ്പുകൈയോടെ നില്‍ക്കുന്ന കുത്തുബ്ദീന്‍ അന്‍സാരി ലോകമെങ്ങുമുള്ള അരക്ഷിതരുടെ പ്രതീകമായിരുന്നു.

അതേസമയം ഊരിപ്പിടിച്ച വാളുമായി അട്ടഹസിക്കുന്ന ബജ്രംഗദള്‍ പ്രവര്‍ത്തകന്‍ അശോക് മോച്ചി ഭീകരതയുടെ പ്രതീകവുമായി.

റോയിട്ടേഴ്‌സിലെ ആര്‍ക്കോദത്ത എടുത്ത കുത്തുബ്ദീന്‍ അന്‍സാരിയുടെ ഫോട്ടോ മുസ്ലീം ഭീകരസംഘടനകള്‍ ഉപയോഗിച്ചതില്‍ പ്രതിഷേധിച്ചു കൊണ്ടാണ് ഭൂരിപക്ഷ ന്യൂനപക്ഷ ഭീകരതയ്‌ക്കെതിരെ മാനവികയുടെ ശബ്ദമുയര്‍ത്തി അന്‍സാരി സജീവമാകുന്നത്.

എ.എഫ്.പിയുടെ സെബാസ്റ്റ്യന്‍ ഡിസൂസ എടുത്ത  ഫോട്ടോയിലൂടെ ലോകം വേട്ടക്കാരന്റെ ക്രൂരമുഖവും പ്രതീകവുമാക്കിയത് അശോക് മോച്ചിയെ മാനസാന്തരപ്പെടുത്തി.

ദലിതനായ തന്നെ വംശഹത്യയുടെ ഭാഗമാക്കിയതുള്‍പ്പെടെ എല്ലാം  പിന്നീട് മോച്ചി പരസ്യമായി ഏറ്റ് പറയുകയായിരുന്നു. ഗുജറാത്തിലെ മുസ്ലീം ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയാണ് മോച്ചിയിപ്പോള്‍.

തളിപ്പറമ്പില്‍ പകല്‍ മൂന്നിന് ചിറവക്ക് ലൂര്‍ദ് ആശുപത്രിയ്ക്ക സമീപമുള്ള മൈതാനിയിലാണ് സെമിനാര്‍ നടക്കുക.

പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും.

കുത്തുബ്ദീന്‍ അന്‍സാരിയുടെ ഞാന്‍ കുത്തുബ്ദീന്‍ അന്‍സാരി എന്ന ആത്മകഥ സി.പി.ഐ.എം ജില്ല സെക്രട്ടറി പി.ജയരാജന്‍ ചടങ്ങില്‍ പ്രകാശനം ചെയ്യും.

Advertisement