ഗാന്ധിനഗര്‍: ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്വേഷിക്കുന്ന എസ് ഐ ടിക്ക് മുമ്പാകെ ഹാജരാകാമെന്ന് മുഖ്യമന്ത്ര ിനരേന്ദ്രമോഡി സമ്മതിച്ചു. മാര്‍ച്ച് 27ന് മോഡി ഹാജരാകുമെന്നാണ് റിപ്പോര്‍ട്ട്. എസ് ഐ ടി വൃത്തങ്ങളാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. അതേസമയം മോഡിക്കെതിരെ നടക്കുന്ന പ്രത്യേക അന്വേഷണത്തിനെതിരെ നല്‍കിയ ഹരജി ഏപ്രില്‍ അഞ്ചിന് പരിഗണിക്കും.

ഈ മാസം 21നു എസ് ഐ ടിക്കു മുമ്പാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നേരത്തെ നോട്ടീസ് അയച്ചിരുന്നുവെങ്കിലും മോഡി ഹാജരായിരുന്നില്ല. എന്നാല്‍ 21 ഹാജരാകാന്‍ തനിക്ക് നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് മോഡി വ്യക്തമാക്കുകയായിരുന്നു.

കലാപത്തില്‍ കൊല്ലപ്പെട്ട ഇഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യ സാക്കിറ ജാഫ്രിയുടെ പരാതിപ്രകാരമാണ് സുപ്രീം കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. കലാപത്തിന് അനുകൂലമായ വിധത്തില്‍ മുഖ്യമന്ത്രി നിലപാടെടുത്തുവെന്നും വര്‍ഗീയ വാദികളെ തടയരുതെന്ന് പോലീസിന് മോഡി നിര്‍ദേശം നല്‍കിയെന്നും പരാതിയില്‍ പറയുന്നുണ്ട്.