എഡിറ്റര്‍
എഡിറ്റര്‍
ഗുജറാത്ത് കലാപം: ഓഡെ കൂട്ടക്കൊലക്കേസില്‍ 23 പേര്‍ക്ക് ജീവപര്യന്തം
എഡിറ്റര്‍
Thursday 12th April 2012 4:15pm

അഹമദാബാദ്: ഗുജറാത്ത് കലാപ സമയത്ത് 23 പേരെ കൊലപ്പെടുത്തിയ കേസില്‍ 18 പ്രതികള്‍ക്ക് ജീവപര്യന്തം. അഞ്ച് പ്രതികള്‍ക്ക് ഏഴ് വര്‍ഷത്തെ തടവും വിധിച്ചിട്ടുണ്ട്. 23 പ്രതികള്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. കലാപ കാലത്ത് അഹമദാബാദില്‍ നിന്ന് 70 കി.മീ അകലെ ആനന്ദ് ജില്ലയിലെ ഒഡെ ഗ്രാമത്തില്‍ കെട്ടിടത്തില്‍ അഭയം തേടിയ സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം 23 മുസ്‌ലീംകളെ കൊലപ്പെടുത്തിയതാണ് കേസ്.

കേസ് അപൂര്‍വ്വങ്ങളില്‍ അപുര്‍വ്വമായി പരിഗണിക്കണമെന്ന് കേസന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കൂട്ടക്കൊലയില്‍ മുഖ്യപങ്ക് വഹിച്ചവര്‍ക്ക് പരമാവധി ശിക്ഷ തന്നെ നല്‍കണമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എന്‍ പാര്‍മറും ആവശ്യപ്പെട്ടിരുന്നു.

ആകെയുള്ള 47ല്‍ 23 പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു. വിചാരണസമയത്ത് ഒരു പ്രതി മരിച്ചിരുന്നു. കേസില്‍ ജാമ്യത്തിലിറങ്ങിയ രണ്ടുപേര്‍ വിദേശത്തേക്ക് കടന്നു. ഇവര്‍ക്കെതിരെ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഗോധ്ര ട്രെയിന്‍ തീവെപ്പു സംഭവത്തിനു പിറകെ വംശഹത്യ ലക്ഷ്യമിട്ട് നടന്ന കൂട്ടക്കൊലപാതക കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുന്ന മൂന്നാമത്തെ കേസാണിത്.

സര്‍ദാര്‍പുര കൂട്ടക്കൊലക്കേസില്‍ 31 പേര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. 2002 മാര്‍ച്ച് ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. കലാപം ഭയന്ന് മുസ്‌ലിംകള്‍ അഭയം തേടിയ കെട്ടിടം പുറത്തുനിന്ന് പൂട്ടി 1500ഓളം വരുന്ന ജനക്കൂട്ടം, പെട്രോളും മണ്ണെണ്ണയും ഒഴിച്ച് തീയിടുകയായിരുന്നു. മരിച്ചവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമായിരുന്നു. ആദ്യം ഗുജറാത്ത് പൊലീസാണ് കേസന്വേഷിച്ചത്.

തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്ന ഇരകളുടെ പരാതിയെ തുടര്‍ന്ന് ദേശീയ മനുഷ്യാവകാശ കമീഷന്‍ വഴിയാണ് കേസ് സുപ്രീംകോടതി മുമ്പാകെയെത്തിയത്. കോടതി നിര്‍ദേശപ്രകാരം അന്വേഷണം നടത്തിയ എസ്.ഐ.ടി, 47 പേരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചു. 2009ല്‍ തുടങ്ങിയ വിചാരണ നിരവധി അസാധാരണ സംഭവങ്ങള്‍ കാരണം നീണ്ടുപോയി. വിചാരണക്കിടെ ജഡ്ജി എസ്.വൈ. ത്രിവേദി സ്ഥലം മാറ്റപ്പെടുകയും തുടര്‍ന്ന് ഒരു മാസത്തിനകം രാജിവെക്കുകയുമുണ്ടായി. പിന്നീട് ഹൈകോടതി ജസ്റ്റിസ് പൂനം സിങ്ങിനെ നിയമിക്കുകയായിരുന്നു. കേസില്‍ ഹാജരായിരുന്ന പബ്‌ളിക് പ്രോസിക്യൂട്ടറും പുറത്തുപോയതിനെ തുടര്‍ന്ന് എസ്.ഐ.ടിയാണ് മുതിര്‍ന്ന അഭിഭാഷകന്‍ പി.എന്‍. പാര്‍മറെ തെരഞ്ഞെടുത്തത്.

Advertisement