ഗാന്ധിനഗര്‍: സര്‍ക്കാരിന്റെ എതിര്‍പ്പ് അവഗണിച്ച് ലോകായുക്തയെ നിയമിച്ച ഗുജറാത്ത് ഗവര്‍ണറുടെ നടപടിയില്‍ പ്രിതഷേധിച്ച് പാര്‍ലമെന്റില്‍ ബഹളം. ഗവര്‍ണര്‍ കാംല ബെനിവാളിന്റെ നടപടി ജനാധിപത്യവിരുദ്ധമാണെന്ന് പറഞ്ഞ് ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തുകയായിരുന്നു.

ബഹളത്തെ തുടര്‍ന്ന് കാര്യപരിപാടികളിലേക്ക് കടക്കാതെ ലോക്‌സഭ പിരിഞ്ഞു. രാജ്യസഭയില്‍ ശൂന്യവേളയില്‍ തന്നെ ബഹളം തുടങ്ങിയതോടെ അതും പിരിച്ചുവിട്ടു.

ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിയെ സമീപിക്കുമെന്ന് ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി ലോക്‌സഭയില്‍ പറഞ്ഞു. ഭരണഘടനാപ്രകാരം മന്ത്രിസഭയ്ക്ക് ഉപദേശനിര്‍ദേശങ്ങള്‍ നല്‍കുക എന്ന ചുമതലയാണ് ഗവര്‍ണര്‍ക്കുള്ളത്. എന്നാല്‍ മുഖ്യമന്ത്രിയുടെ അഭിപ്രായം മാനിക്കാതെ ലോകായുക്തയെ നിയമിച്ചതുവഴി ഗുജറാത്ത് ഗവര്‍ണര്‍ ഈ നിയമം ലംഘിച്ചിരിക്കുകയാണെന്നും ബി.ജെ.പി നേതാക്കള്‍ കുറ്റപ്പെടുത്തി.

രാജ്യസഭയില്‍ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്‌ലി ഗവര്‍ണറുടെ നടപടിയെ ശക്തമായി എതിര്‍ത്തു. ഇത് ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കിയിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മുന്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹരേന്‍ പാണ്ഡ്യ കൊല്ലപ്പെട്ട കേസില്‍ ആരോപണവിധേയരായ 12 പേരെ വെറുതെ വിട്ട നടപടി ചൂണ്ടിക്കാണിച്ച് ബി.ജെ.പിയുടെ ആരോപണങ്ങളെ കോണ്‍ഗ്രസ് പ്രതിരോധിക്കാന്‍ ശ്രമിച്ചു. 2003 മാര്‍ച്ച് 26നാണ് പാണ്ഡ്യ കൊല്ലപ്പെട്ടത്.