അഹമ്മദാബാദ്: ഗുജറാത്ത് കലാപത്തില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡി നേരിട്ട് ഇടപെട്ടുവെന്ന് കാണിച്ച് സുപ്രീം കോടതിയില്‍ സ്ത്യവാങ്മൂലം സമര്‍പ്പിച്ച ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് പോലീസ് അറസ്റ്റു ചെയ്തു.

മോഡിക്കെതിരെ ഭട്ട് നല്‍കിയ സത്യവാങ്ങമൂലത്തിന് അനുകൂലമായ മൊഴി നല്‍കാന്‍ ഇന്റലിജന്‍സ് ബ്യൂറോയില്‍ അദ്ദേഹത്തിന്റെ കീഴില്‍ ജോലിചെയ്തിരുന്ന കോണ്‍സ്റ്റബിള്‍ കെ.ഡി. പന്ഥിനെ നിര്‍ബന്ധിച്ചു എന്ന പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. മോഡിക്കെതിരെ രംഗത്ത് വന്നതിനെ തുടര്‍ന്ന് ഭട്ടിനെ നേരത്തെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

2002 ഫെബ്രുവരി 27ന് ഗുജറാത്ത് മുഖ്യമന്ത്രിയുടെ വീട്ടില്‍ നടന്ന ഉന്നതതല യോഗത്തില്‍ താനും പങ്കെടുത്തിരുന്നുവെന്നും കലാപത്തെ ധൃതിപിടിച്ച് അടിച്ചമര്‍ത്തേണ്ടെന്ന് മോഡി പറഞ്ഞതായും സഞ്ജീവ് ഭട്ട് കഴിഞ്ഞ ഏപ്രിലില്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.

ഹിന്ദു വിഭാഗങ്ങളുടെ വികാരം വ്രണപ്പെട്ടിരിക്കയാണെന്നും അത് അവര്‍ പ്രകടിപ്പിക്കുകയാണെന്നും തിരിച്ചടിക്കുന്ന ഹിന്ദുക്കള്‍ക്കെതിരെ നടപടിയെടുക്കരുതെന്നും മോഡി ഉന്നതതല യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നതായി ഭട്ട് വെളിപ്പെടുത്തിയിരുന്നു. ഈ യോഗത്തില്‍ പങ്കെടുത്തുവെന്ന് തെറ്റായി സത്യവാങ്മൂലം നല്‍കാന്‍ ഭട്ടിന്റെ കീഴില്‍ ജോലിചെയ്യുന്ന തന്നെ നിര്‍ബന്ധിച്ചുവെന്ന് ചൂണ്ടക്കാട്ടിയാണ് കെ.ഡി. പന്ഥ് പരാതി നല്‍കിയത്.

ഗുജറാത്ത് വംശഹത്യയില്‍ മോഡിക്ക് പങ്കുണ്ടെന്ന് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന കൃത്യവിലോപം കാട്ടിയെന്നാരോപിച്ചാണ് കഴിഞ്ഞ മാസം ഭട്ടിനെ മോഡി സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്. അനധികൃതമായി അവധിയെടുത്തു, ഓഫീസ് വാഹനം ദുരുപയോഗം ചെയ്തു തുടങ്ങിയ ആരോപണങ്ങളാണ് ഭട്ടിന്റെ സസ്‌പെന്‍ഷന് കാരണമായി ചൂണ്ടിക്കാട്ടിയത്.