ന്യൂദല്‍ഹി: 2002 ലെ ഗുജറാത്ത് കലാപ കാലത്ത് തകര്‍ന്ന പുനസ്ഥാപിക്കാന്‍ പണംമുടക്കേണ്ടെന്ന് സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി. ഗോധ്ര കലാപത്തിനുശേഷം തകര്‍ന്ന മതഘടന പുനസ്ഥാപിക്കുന്നതിനായി സര്‍ക്കാര്‍ പണം നല്‍കണമെന്നുള്ള ഹൈക്കോടതി വിധി റദ്ദാക്കിയാണ് സുപ്രീം കോടതി ഉത്തരവ്.
ഹൈക്കോടതി വിധിക്കെതിരെ ഗുജറാത്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച പരാതിയില്‍ വാദം കേള്‍ക്കവേയാണ് കോടതി ഉത്തരവ്. കലാപത്തില്‍ നാശനഷ്ടം സംഭവിച്ച 500ല്‍ പരം ദേവാലയങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു ഹൈക്കോടതി വിധിച്ചിരുന്നത്.


Also Read: റൊണാള്‍ഡോയെ പരിഹസിച്ച് ജെഫ്രി കൊണ്ടോഗ്ബി; താരത്തിന്റെ മറുപടിയില്‍ ഞെട്ടിത്തരിച്ച് ആരാധകര്‍


നികുതിദായകരുടെ പണം കൊണ്ട് പള്ളി നിര്‍മ്മിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഗുജറാത്ത് സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്. ക്രമസമാധാനം പാലിക്കുന്നതില്‍ വീഴ്ച വന്നു എന്നാരോപിച്ച് പള്ളികളോ, ക്ഷേത്രങ്ങളോ, മറ്റ് ആരാധനാലയങ്ങളോ സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കണമെന്ന് ആവശ്യപ്പെടാനാകില്ലെന്നും ഗുജറാത്ത് സര്‍ക്കാര്‍ വാദിച്ചു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് പി.സി പന്ത് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. സംസ്ഥാന സര്‍ക്കാര്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി 50,000 രൂപ നീക്കിവെക്കാന്‍ തീരുമാനിച്ചിരുന്നു ഇതിലാണ് കോടതി ഇടപെടലുണ്ടായിരിക്കുന്നത്.

കോടതിയില്‍ സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത സര്‍ക്കാര്‍ ഈ പണം കലാപകാലത്ത് തകര്‍ന്ന കടകളും വീടുകളും പുനര്‍ നിര്‍മ്മിക്കാനായി നല്‍കാമെന്നാണ് അറിയിച്ചത്. 2002 ല്‍ നടന്ന കലാപങ്ങളില്‍ 790 മുസ്ലിംകളും 254 ഹിന്ദുക്കളും കൊല്ലപ്പെടുകയും, 223 പേരെ കാണാതാവുകയും ചെയ്തു എന്നാണ് കണക്കുകള്‍.