സൗരാഷ്ട്ര: ഗുജറാത്ത് സര്‍ക്കാര്‍ ദല്‍ഹിയില്‍ നിന്നും നിയന്ത്രിക്കുന്ന വെറും പാവ സര്‍ക്കാരാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്തിലെ സൗരാഷ്ട്രയില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന പ്രചരണയാത്രക്കിടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

ഗുജറാത്ത് സര്‍ക്കാര്‍ പൂര്‍ണമായും ഒരു പാവ സര്‍ക്കാര്‍ ആയി മാറിയിരിക്കുകയാണ് ദല്‍ഹിയില്‍ നിന്നുമാണ് അതിന്റെ നിയന്ത്രണമെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ജനങ്ങളുടെ ഒരു ഗവണ്‍മെന്റ് വരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും അതിനുള്ള സാഹചര്യം ഒത്തുവന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പൊതുജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിനുപകരം ഉദ്യോഗസ്ഥര്‍ ഉന്നതര്‍ക്ക് വേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും
ദരിദ്ര കൃഷിക്കാര്‍ക്ക് കൊടുത്ത വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ പാലിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.


Also Read ചില വിഷജീവികളെ തീറ്റിപ്പോറ്റിയതാണ് വിനയായത്; ഉമ്മന്‍ചാണ്ടി പണം വാങ്ങിയെന്ന് അദ്ദേഹത്തിന്റെ ശത്രുക്കള്‍ പോലും പറയില്ല; സോളാര്‍ വിഷയത്തില്‍ ജയശങ്കര്‍


ഗുജറാത്ത് രാഷ്ട്രീയത്തില്‍ നിര്‍ണായകമായ സൗരാഷ്ട്ര മേഖല കേന്ദ്രീകരിച്ചാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ പര്യടനം. രണ്ടാഴ്ചയ്ക്കുമുന്‍പ് അഹമ്മദാബാദിലെ സബര്‍മതി നദീതീരത്തു ആയിരത്തോളം പാര്‍ട്ടി പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

കോണ്‍ഗ്രസിനെ സംബന്ധിച്ചു സൗരാഷ്ട്രാ മേഖല പിടിക്കുകയെന്നത് വലിയ വെല്ലുവിളിയാണ്. 2012ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ മേഖലയിലെ 52 സീറ്റുകളില്‍ 12 എണ്ണത്തില്‍ മാത്രമേ കോണ്‍ഗ്രസിനു വിജയിക്കാനായുള്ളൂ.

2017 അവസാനമോ അല്ലെങ്കില്‍ 2018 ജനുവരി അവസാനമോ ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്