അഹമ്മദാബാദ്: സാമൂഹ്യപ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സംസ്ഥാന സര്‍ക്കാര്‍എതിര്‍ത്തു
. ജാമ്യം ലഭിച്ചാല്‍ അവരത് ദുരുപയോഗം ചെയ്യുമെന്നും സംഭവത്തിന്റെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് അപേക്ഷയെ എതിര്‍ത്തത്. ഗോധ്ര സംഭവത്തില്‍ ഇരയായവരുടെ പേരില്‍  കോടതിയില്‍ വ്യാജ സത്യവാങ്മൂലം നല്‍കിയതാണ് ഇവര്‍ക്കെതിരെയുള്ള കേസ്.

എസ്.എം വോറയുടെയും ചീഫ് പബ്ലിക് പ്രോസിക്യൂട്ടര്‍ സുധീര്‍ ബ്രഹ്മഭട്ടിന്റെയും വാദം കേട്ടതിനു ശേഷം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എസ്.ബി ഗജ്‌റെ കേസില്‍ വിധി പറയുന്നത് ആഗസ്ത് രണ്ടിലേക്ക് മാറ്റി. മുന്‍കൂര്‍ ജാമ്യാപേക്ഷ അനുവദിക്കുന്നതുവരെ അവരെ അറസ്റ്റു ചെയ്യരുതെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Subscribe Us:

സെതല്‍വാദ് നിയമവശങ്ങളില്‍ വിദഗ്ധയാണെന്നും കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ഇവര്‍ക്ക് സാധിക്കുമെന്നും കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍  അസിസ്റ്റന്റ് കമ്മീഷണര്‍ എന്‍.സി പട്ടേല്‍ വ്യക്തമാക്കുന്നു. സാക്ഷികളെ സ്വാധീനിക്കായി ഇവര്‍ വിദേശത്തുനിന്നും പണം കൈപ്പറ്റിയിട്ടുണ്ടാകാമെന്നും ഇവര്‍ക്ക് ജാമ്യം നല്‍കിയാല്‍ കേസില്‍ തീര്‍പ്പുണ്ടാക്കാന്‍ സാധിക്കില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

സെതല്‍വാദിന് ജാമ്യം അനുവദിച്ചാല്‍ ആ സ്വാതന്ത്ര്യത്തെ അവര്‍ ദുരുപയോഗം ചെയ്യുമെന്നും കേസിന്റെ തുടരന്വേഷണത്തില്‍ അവര്‍ സഹകരിക്കില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ സുധീര്‍ ബ്രഹ്മഭട്ട് വാദിച്ചു. അവര്‍ നേരത്തെ തന്നെ കുറ്റകൃത്യങ്ങളില്‍ പങ്കാളിയായിരുന്നെന്നതിന് തെളിവാണ് പന്ദര്‍വാദ കേസ് തെളിയിക്കുന്നത്. മാത്രമല്ല അന്വേഷണത്തോട് അവര്‍ നിസ്സഹകരണമാണ് പ്രഖ്യാപിച്ചതെന്നും പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞു.

ജൂലൈ 29 ന് സെതല്‍വാദ് ലുനവാദ പോലീസ് മുമ്പാകെ ഹാജരാകുമെന്ന് അവരുടെ ഉപദേശകന്‍ എസ്.എം വോറ അറിയിച്ചു.