ഗാന്ധിനഗര്‍: ഗുജറാത്തിലെ മോഡിസര്‍ക്കാറിനെ അവഗണിച്ച് ഗവര്‍ണര്‍ കമല ബെനിവാള്‍ ലോകായുക്തയെ നിയമിക്കാന്‍ തീരുമാനിച്ചു. ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതോടെ സര്‍ക്കാരും ഗവര്‍ണ്ണറും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലിന് വഴിതെളിഞ്ഞു.

ഗുജറാത്ത് ഹൈക്കോടതിയിലെ മുന്‍ചീഫ് ജഡ്ജിയായിരുന്ന ജസ്റ്റിസ് ആര്‍ എ മേത്തയെയാണ് ലോകായുക്തയായി നിയമിക്കാന്‍ തീരുമാനിച്ചത്. ഏഴ് വര്‍ഷമായി സംസ്ഥാനത്ത് ലോകായുക്തയില്ല. സംസ്ഥാനത്തെ സംഭവവികാസങ്ങള്‍ നിശബ്ദനായി നോക്കിനില്‍ക്കാന്‍ തനിക്ക് കഴിയില്ലെന്ന് വ്യക്തമാക്കിയ ഗവര്‍ണര്‍ മോഡി സര്‍ക്കാര്‍ ഇതിനായി യാതൊരു നടപടിയുമെടുത്തില്ലെന്നും കുറ്റപ്പെടുത്തി. അതുകൊണ്ടാണ് താന്‍ നേരിട്ട് ലോകായുക്തയെ നിയമിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസഭയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊതുവില്‍ ഗവര്‍ണര്‍ പ്രവര്‍ത്തിക്കുക. എന്നാല്‍ ചില സാഹചര്യങ്ങളില്‍ ഗവര്‍ണര്‍ക്ക് നോക്കുകുത്തിയാകാന്‍ സാധിക്കുകയില്ല. വിവേചനാധികാരം പ്രയോഗിക്കേണ്ടിവരും ഗവര്‍ണ്ണറുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

ലോകായുക്തയെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് പലതവണ ഗവര്‍ണ്ണര്‍ സര്‍ക്കാറിനെ ഓര്‍മ്മിപ്പിച്ചിരുന്നു. എന്നാല്‍ ഇതുവരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ഗവര്‍ണ്ണറുടെ നടപടിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഗവര്‍ണ്ണറുടെ തീരുമാനം ഏകപക്ഷീയവും ഭരണഘടനാവിരുദ്ധവുമാണെന്നാണ് സര്‍ക്കാര്‍ ആരോപിക്കുന്നത്. സംസ്ഥാന നിയമ സഹമന്ത്രി പ്രദീപ് സിന്‍ഹ് ജഡേജയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ജസ്റ്റിസ് അഭിലാഷ കുമാരി കഴിഞ്ഞദിവസം സര്‍ക്കാരിന്റെ ഹരജി പരിഗണിച്ചിരുന്നു. ഈ മാസം 29 ന് കേസ് മാറ്റിവെച്ചിരിക്കുകയാണ്.

നിയമവിദഗ്ദ്ധരുമായി കൂടിയാലോചിച്ചാണ് ഗവര്‍ണ്ണര്‍ ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് പ്രതിപക്ഷനേതാവ് ശക്തി സിങ് ഗോയല്‍ പറഞ്ഞു. ലോകായുക്തയെ നിയമിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഗവര്‍ണ്ണറെ കണ്ടിരുന്നു. പ്രതിപക്ഷ നേതാവുമായുള്ള കൂടിയാലോചനയ്ക്ക് ശേഷം ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ലോകായുക്തയുടെ പേര് നിര്‍ദ്ദേശിക്കാമെന്ന് ഗുജറാത്ത് ലോകായുക്താ നിയമത്തില്‍ വ്യവസ്ഥയുണ്ട്.

ജന്‍ലോക്പാല്‍ ബില്ലിന് വേണ്ടി ഹസാരെക്ക് പിന്തുണ പ്രഖ്യാപിച്ച മോഡി സ്വന്തം സംസ്ഥാനത്ത് ലോകായുക്തയെ നിയമിക്കാത്തതിനെതിരെ നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ ഹൈക്കോടതി സര്‍ക്കാറിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഫലമായി നിര്‍ദ്ദിഷ്ട ലോക്പാല്‍ ബില്ലിന്റ അടിസ്ഥാനത്തില്‍ ലോകായുക്താനിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ വാക്താവ് ജയ് നാരായണ്‍ വ്യാസ് പറഞ്ഞിരുന്നു. ഇതിന് പിറകെയാണ് ലോകായുക്തയെ നിയമിക്കാന്‍ ഗവര്‍ണര്‍ തീരുമാനിച്ചത്.