അഹമ്മദാബാദ്: മദ്യപിച്ച് ലക്കുകെട്ട് വിമാനത്തില്‍ കയറാനെത്തുകയും ഉദ്യോഗസ്ഥരോട് കയര്‍ക്കുകയും ചെയ്ത ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന്റെ മകനെ വിമാന ജീവനക്കാര്‍ ഇറക്കിവിട്ടു.

തിങ്കളാഴ്ച ഖത്തര്‍ എയര്‍വേസില്‍ കയറാന്‍ ഇരിക്കെയാണ് സംഭവം. ഗ്രീസില്‍ അവധിക്കാലം ആഘോഷിക്കാന്‍ പോകുന്നതിനായി അഹമ്മദാബാദ് വിമാനത്താവളത്തില്‍ എത്തിയതായിരുന്നു ജയ്മാന്‍ പട്ടേലും ഭാര്യയും മകളും.

പുലര്‍ച്ചെ നാലു മണിക്കുള്ള വിമാനത്തില്‍ ഖത്തറിലേക്ക് പോവാനാണ് ഇവര്‍ എത്തിയത്. എന്നാല്‍ മദ്യപിച്ച് സ്വബോധം പോലും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു പട്ടേല്‍.

നടക്കാനാവാത്ത അവസ്ഥ വന്നപ്പോള്‍ വീല്‍ചെയറിലാണ് പട്ടേലിനെ സുരക്ഷാ പരിശോധനകള്‍ക്കായി എത്തിച്ചത്. തുടര്‍ന്ന് വിമാനത്തില്‍ കയറുന്നതിനിടെ പട്ടേല്‍, വിമാനജീവനക്കാരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു.


Dont Miss കൊല്ലം നായര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സാപ്പിഴവ്; എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയില്‍ 


ഇതോടെയാണ് പട്ടേലിനെ വിമാനത്തില്‍ കയറ്റാനാവില്ലെന്ന നിലപാട് ജീവനക്കാര്‍ സ്വീകരിച്ചത്. തുടര്‍ന്ന് പട്ടേലും കുടുംബവും തിരികെ വീട്ടിലേക്ക് പോവുകയായിരുന്നെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, തനിക്ക് സുഖമില്ലായിരുന്നെന്നാണ് പട്ടേലിന്റെ വാദം. തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം ആരോപണങ്ങളെന്നും അദ്ദേഹം പറഞ്ഞു.

ആരോപണത്തില്‍ കഴമ്പില്ലെന്നും മകന് സുഖമില്ലാതിരുന്നെന്നും അവര്‍ വെക്കേഷന് വേണ്ടി യാത്ര തിരിച്ചതായിരുന്നു നിതിന്‍ പട്ടേല്‍ പറയുന്നു. തങ്ങളെ അപമാനിക്കാനും താറടിച്ചുകാണിക്കാനും വേണ്ടി ശത്രുക്കള്‍ മെനഞ്ഞുണ്ടാക്കുന്ന കഥയാണ് ഇതെന്നും അദ്ദേഹം പറയുന്നു.