എഡിറ്റര്‍
എഡിറ്റര്‍
ബി.ജെ.പിക്കെതിരായ പ്രതിഷേധം ഗുജറാത്തില്‍ തെരുവിലേക്കും: ബി.ജെ.പി നേതാവിന് നേരെ ചീമുട്ടയേറും മഷി പ്രയോഗവും
എഡിറ്റര്‍
Wednesday 1st February 2017 3:04pm

youthwing

സൂറത്ത്: ഗുജറാത്ത് ബി.ജെ.പി യൂത്ത് വിങ് പ്രസിഡന്റായ റിത് വിജ് പട്ടേലിന് നേരെ ചീമുട്ടയേറും മഷി പ്രയോഗവും. പട്ടേല്‍ വിഭാഗത്തില്‍പ്പെട്ട യുവാക്കളാണ് ഇയാള്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.

സൂറത്തില്‍പട്ടേല്‍ വിഭാഗത്തിന് ആധിപത്യമുള്ള പ്രദേശത്ത് റാലിയില്‍ പങ്കെടുത്തുകൊണ്ടിരിക്കെയാണ് പ്രവര്‍ത്തകര്‍ ഇയാള്‍ക്ക് നേരെ പാഞ്ഞടുത്തത്.

തുറന്ന വാഹനത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്തുകടന്നുപോകുകയായിരുന്നു റിത് വിജ് പട്ടേലിന് നേരെ പ്രവര്‍ത്തകര്‍ ചീമുട്ട വലിച്ചെറിയുകയായിരുന്നു.

ഇയാള്‍ക്ക് നേരെ വെള്ളം കോരിയൊഴിക്കുകയും മഷി പ്രയോഗം നടത്തുകയും ചെയ്തു. റാലി ആരംഭിച്ച ഉടന്‍ തന്നെ ചീമുട്ടകളും മഷിപ്രയോഗവും പ്രതിഷേധക്കാര്‍ ആരംഭിച്ചു. മോട്ടോര്‍ബൈക്കിലെത്തിയ രണ്ട് പേരായിരുന്നു റിത് വിജിന്റെ ദേഹത്തേക്ക് മഷി ഒഴിച്ചത്. റിത് വിജിനൊപ്പം ബി.ജെ.പി പ്രവര്‍ത്തകരും റാലിയില്‍ പങ്കെടുത്തിരുന്നു.


ചീമുട്ടെയെറിഞ്ഞ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടിദാര്‍ ആനമത് ആന്തോളന്‍ സമിതിയിലെ പ്രവര്‍ത്തകരാണ് ഇവര്‍. പട്ടിദാര്‍ സമുദായക്കാരുടെ സംവരണ വിഷയത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ കൈക്കൊള്ള നിഷേധ നിലപാടിനെതിരെയാണ് തങ്ങളുടെ പ്രതിഷേധമെന്ന് ഇവര്‍ പറഞ്ഞു.

അതേസമയം ഇവര്‍ പട്ടേല്‍ സമുദായക്കാരല്ലെന്നും പട്ടേല്‍ സമുദായം തനിക്ക് പിന്തുണ നല്‍കി കൂടെ നില്‍ക്കുകയാണെന്നും റിത്‌വിജ്  പറഞ്ഞു. കോണ്‍ഗ്രസുകാര്‍ വാടകയ്‌ക്കെടുത്ത ഗുണ്ടകളാണ് തനിക്കെതിരെ ആക്രമണം നടത്തിയതെന്നാണ് റിത് വിജ് പട്ടേലിന്റെ വാദം.

നിയസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പട്ടേല്‍സമുദായത്തിന് സ്വാധീനമുള്ള മേഖലകളായ വരാച്ച മുതല്‍ ഗോദദര വരെ ബി.ജെ.പി റാലി സംഘടിപ്പിച്ചത്.

Advertisement