അഹമ്മദാബാദ്: തുള്‍സി റാം പ്രജാപതി വ്യാജഏറ്റുമുട്ടല്‍ കേസിന്റെ ഗൂഢാലോചനയില്‍ ഗുജറാത്ത് മുന്‍ ഡി.ജി.പി പി സി പാണ്ഡെക്ക് പങ്കുണ്ടെന്ന ആരോപണവുമായി ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ രംഗത്തെത്തി. മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ അടുത്തയാളായി അറിയപ്പെടുന്ന പി സി പാണ്ഡെ 2002 ലെ വംശഹത്യാ സമയത്ത് അഹമ്മദാബാദ് സിറ്റി പോലീസ് കമ്മീഷണറായിരുന്നു. കൂട്ടക്കുരുതി നടത്തിയ അക്രമികള്‍ക്ക് എല്ലാ സഹായവും ചെയ്തുകൊടുത്തു എന്ന ആരോപണവും പാണ്ഡെ നേരിടുന്നുണ്ട്.

ഡി.ഐ.ജി രജനീഷ് റായ് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. മോഡിയും പാണ്ഡെയും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് രജനീഷ് റായ് പറയുന്നു. നരേന്ദ്രമോഡിയുടെ അടുത്തയാളായ മറ്റൊരു മുന്‍ ഉദ്യോഗസ്ഥന്‍ ഒ.പി മാത്തൂറിനുമെതിരെയും ആരോപണം ഉന്നയിച്ചിട്ടുണ്ട്.

കലാപം സംബന്ധിച്ച് താന്‍ സമര്‍പ്പിച്ച രഹസ്യറിപ്പോര്‍ട്ട് മോഡിസര്‍ക്കാര്‍ പൂഴ്ത്തിയെന്നും വ്യാജ ഏറ്റുമുട്ടല്‍ കേസുകളുടെ അന്വേഷണത്തെ മുന്‍ ആഭ്യന്തര മന്ത്രി രജനീഷ് ഷാ അട്ടിമറിച്ചതായും രജനീഷ് റായ് ആരോപിക്കുന്നു. സുഹ്‌റാബുദ്ദീന്‍ ഷെയ്ക്കിനെ വധിച്ച അതേ പോലീസ് ഉദ്യോഗസ്ഥരാണ് പ്രജാപതിയെയും വധിച്ചതെന്നും അന്വേഷണ സംഘം കരുതുന്നു. സുഹ്‌റാബുദ്ദീനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതിന് അറസ്റ്റിലായ മുന്‍ ആഭ്യന്തര സഹമന്ത്രി അമിതാ ഷായ്ക്ക് പ്രജാപതികേസിലും പങ്കുണ്ടെന്നും ആരോപണം നിലനില്‍ക്കുന്നു. ഇതിനിടെയാണ് നരേന്ദ്രമോഡിയുടെ വിശ്വസ്തരായിരുന്ന പാണ്ഡെയ്ക്കും മാത്തൂറിനുമെതിരെ ആരോപണമുയരുന്നത്.

രജനീഷ് റായുടെ സത്യവാങ്മൂലത്തിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്കെതിരെ കേന്ദ്രം നടപടിക്കൊരുങ്ങുകയാണ്. മോഡിക്കെതിരെ നടപടിയെടുക്കുന്നതിന് നിയമത്തിന്റെ പിന്‍ബലമുണ്ടെന്നും എന്നാല്‍ അതിന് മുമ്പ് പോലീസ് ഓഫീസര്‍മാരുടെ മൊഴിയിലെ സത്യാവസ്ഥ ബോധ്യപ്പെടേണ്ടതുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം വ്യക്തമാക്കി.